ജോസഫ് സി മാത്യു അഭിമുഖം: കേരളത്തിലെ ഐടിക്ക് ജീവന്‍ നല്‍കിയത് ആ 'കമ്പ്യൂട്ടര്‍ വിരോധികള്‍'
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കേരളത്തിലെ ഐടി വ്യവസായത്തിന്റെ രജത ജൂബിലിയായാണ് ഒരുവിഭാഗം മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്. തൊഴില്‍ സമരങ്ങളും നോക്കുകൂലി ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളുമില്ലാതെ സ്വകാര്യ മുതല്‍മുടക്കിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കിയ പിന്തുണയുടെ വിജയമായാണ് ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയെ ചിലര്‍ ലളിതമായി നിരീക്ഷിക്കുന്നത്. ടെക്‌നോപാര്‍ക്കിന്റെയും കേരളത്തിലെ ഐടി വികസനത്തിന്റെയും പ്രായോജക സ്ഥാനം ഏറ്റെടുക്കാനും രാഷ്ട്രീയ പൈതൃകം ഉറപ്പിക്കാനുമുളള ശ്രമങ്ങളും നടക്കുന്നു. കമ്പ്യൂട്ടറിന്റെ വരവിനെ പോലും പ്രത്യയശാസ്ത്രപരമായി എതിര്‍ത്ത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വൈതരണികളെ മറികടന്നാണ് ഈ വളര്‍ച്ച സാധിച്ചത് എന്ന് ഒരുവിഭാഗം പറയുന്നു. ഐടി വികസനത്തിന് നേരെ ഏറ്റവും ശക്തമായി പുറംതിരിഞ്ഞ് നിന്നത് 2006-2011 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് എന്ന വിമര്‍ശനവും ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു. 2006ലെ വിഎസ് സര്‍ക്കാരിന്റെ ഐടി ഉപദേശകനായിരുന്ന ജോസഫ് സി മാത്യു ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നു.
1.ടെക്‌നോപാര്‍ക്കിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കേരളത്തിലെ ഐടി വികസനത്തിന്റെ തോതും വളര്‍ച്ചയും അളക്കുന്ന വിധത്തില്‍ ആഘോഷിക്കപ്പെടേണ്ട ഒന്നാണോ? ഇന്ത്യയിലെ മറ്റ് നഗരങ്ങളിലെ ഐടി വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഘോഷിക്കത്തക്ക എന്താണ് ടെക്‌നോപാര്‍ക്കും കേരളവും നേടിയത്?
ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ച തീര്‍ച്ചയായും ആഘോഷിക്കാവുന്നത് തന്നെയാണ്. കേരളത്തിന്റെ ഐടി വ്യവസായ മേഖലയില്‍ വികസനത്തിന്റെ ഒരു നാഴികക്കല്ല് തന്നെയാണ് ടെക്‌നോപാര്‍ക്ക്. സര്‍ക്കാര്‍, വ്യവസായങ്ങള്‍ക്ക് ഫെസിലിറ്റേറ്റര്‍ ആകണം എന്നുപറയാറുണ്ട്. എങ്ങനെയാണ് ഫെസിലിറ്റേറ്റര്‍ ആകേണ്ടത് എന്നതിന്റെ മാതൃകയായാണ് ടെക്‌നോപാര്‍ക്കിനെ ഞാന്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ടെക്‌നോപാര്‍ക്ക് ഒരു ഇന്‍ക്യുബേഷന്‍ സെന്റര്‍ ആയാണ് പ്രവര്‍ത്തിച്ചത്. ഇവിടെ വളര്‍ന്ന് വലുതായ കമ്പനികള്‍ ഇന്ന് പതിനായിരത്തിലധികം തൊഴിലാളികളുമായി ലോകത്തിലെ വന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ക്ലൈന്റ് ലിസ്റ്റില്‍ ഉള്ളവരായി മാറിയിരിക്കുന്നു. ഇത് സര്‍ക്കാര്‍ ഫെസിലിറ്റേറ്റ് ചെയ്തതാണ്. ഇതാണ് യഥാര്‍ത്ഥ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്. അതോടൊപ്പം ഇതൊരു വിജയകരവും ലാഭകരവുമായ ബിസിനസ് മോഡലുമാണ്. പൊതുപണം മുടക്കുകയും അതിന് ലാഭം ലഭിക്കുകയും അതോടൊപ്പം വളര്‍ന്നുവരുന്ന വ്യവസായം തൊഴില്‍ നല്‍കുകയും വിദേശനാണ്യം നേടി തരുകയും ചെയ്യുന്ന മോഡല്‍.ഈ ഐടി പാര്‍ക്ക് നിരവധി മിത്തുകളും പൊളിച്ചിട്ടുണ്ട്. അതും ടെക്‌നോപാര്‍ക്കിന്റെ മികച്ച സംഭാവനയായി കണക്കാക്കണം. ഇവിടെ, കേരളത്തില്‍ മുഴുവന്‍ തൊഴില്‍ സമരമാണെന്നും, അതാണ് വ്യവസായ വളര്‍ച്ചയ്ക്ക് തടസമെന്നും ചിലര്‍ ഇപ്പോഴും രാഷ്ട്രീയ ലാഭത്തിന് വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ സമീപകാലത്ത് തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ പലതും, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ട് പോലും, തങ്ങളുടെ വ്യവസായത്തെ സംരക്ഷിച്ച് നിര്‍ത്താനായിരുന്നു. എന്നാല്‍ ടെക്‌നോപാര്‍ക്കില്‍ ഒരുതൊഴില്‍ ദിനം പോലും നഷ്ടപ്പെട്ടിട്ടില്ല എന്നത് ഈ പ്രചരണം ശരിയല്ല എന്ന വസ്തുതയ്ക്ക് തെളിവു നല്‍കി. കേരളം പോലെ ഒരു സ്ഥലത്ത് പ്രതീക്ഷിക്കാത്ത ചില തൊഴില്‍ സാഹചര്യങ്ങള്‍ ഇടയ്ക്ക് ഉണ്ടായിട്ട് പോലും രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും ടെക്നോപാര്‍ക്കില്‍ ഇടപെട്ടില്ല എന്നതാണ് സത്യം. പക്ഷേ പ്രചരണക്കാര്‍ ഇപ്പോഴും തളര്‍ന്നിട്ടില്ല. മറ്റൊരു പ്രചരണമാണ്, മലയാളി കേരളം വിട്ടാലേ ജോലി ചെയ്യൂ എന്നത്. ടെക്‌നോപാര്‍ക്കില്‍ രാപകല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തെളിയിക്കുന്നത് കൂലി ലഭിച്ചാല്‍ അവര്‍ എവിടേയും ജോലി ചെയ്യും എന്നുകൂടിയാണ്.
2. പക്ഷേ ടെക്‌നോപാര്‍ക്ക് ആദ്യത്തെ ഐടി പാര്‍ക്ക് ആയിരുന്നിട്ടും മറ്റ് സംസ്ഥാനങ്ങള്‍ ഐടി വ്യവസായ രംഗത്ത് ബഹുദൂരം മുന്നിലെത്തിയില്ലേ?
ഐടി പാര്‍ക്ക് എന്നത് ഐടി വ്യവസായങ്ങള്‍ക്ക് ഒരു അവശ്യഘടകമല്ല. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഒരു ഇന്‍ക്യുബേഷന്‍ സെന്റര്‍ പോലെ പാര്‍ക്ക് വലിയ പങ്ക് വഹിച്ചു എന്നത് ശരി. ഐടി കമ്പനികള്‍ എന്ന് നമ്മള്‍ പറയുമ്പോള്‍ ഐടി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന കമ്പനികള്‍ ഉണ്ട്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ ഇത്യാദി. എന്നാല്‍ ഔട്ട് സോഴ്‌സിംഗ് രംഗത്ത് നമ്മള്‍ സംസാരിക്കുന്ന കമ്പനികള്‍ മിക്കതും ഇന്ത്യന്‍ കമ്പനികളാണ്. അവര്‍ ലേബര്‍ കോണ്‍ട്രാക്ടര്‍മാരാണ്. വിദേശ കമ്പനികളുടെ പുറംജോലി ഏറ്റെടുത്ത, ഇന്ത്യയില്‍ സ്ഥാപിച്ച് വളര്‍ന്ന കമ്പനികളാണ്. അത്തരം കമ്പനികള്‍ ആദ്യം രൂപം കൊണ്ടത് കേരളത്തിലല്ല, ഇതര സംസ്ഥാനങ്ങളിലാണ്. ചില കാര്യങ്ങള്‍ ചരിത്രത്തിലെ യാദൃശ്ചികതകളാണ്. കര്‍ണാടകയുടെ അന്നത്തെ ചീഫ് സെക്രട്ടറിയും ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ മേധാവിയായ ഇന്ത്യന്‍ വംശജനും തമ്മിലുള്ള സൗഹൃദം പോലും ഐടി രംഗത്തെ ബാംഗ്ലൂരിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. അതിന് മുമ്പ് മുംബൈ ആയിരുന്നു ഇലക്ട്രോണിക് വ്യവസായങ്ങളുടെ ആസ്ഥാനം. 1985ല്‍ ബാംഗ്ലൂരിലെ മില്ലര്‍ റോഡില്‍ സാറ്റ്‌ലൈറ്റ് ഡിഷ് കൊണ്ടുവന്നിറക്കിയത് കാളവണ്ടിയിലായിരുന്നു. 94ല്‍ തിരുവനന്തപുരത്ത് ആദ്യമായി കണ്ട ബുള്‍ഡോസറിനെക്കുറിച്ചും ജെസിബിയെക്കുറിച്ചും അഭിമാനം കൊള്ളുന്നവര്‍ക്ക് ഇക്കാര്യം അറിയില്ലായിരിക്കാം. കുറഞ്ഞപക്ഷം ടെക്‌നോപാര്‍ക്കിനെ ഗ്രീനെസ്റ്റ് പാര്‍ക്കായി രൂപകല്‍പന ചെയ്ത ആര്‍കിടെകട്് ജയചന്ദ്രനോടുള്ള അവഹേളനമെങ്കിലുമാണത്. മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് എന്നൊക്കെ ടെക്നോപാര്‍ക്കിനെ പറയുന്നത് തന്നെ ശരിയല്ല. ടെക്‌നോപാര്‍ക്ക് വിഭാവനം ചെയ്തതും ആരംഭിച്ചതും ഒരു ഐടി പാര്‍ക്കായിട്ടല്ല.
3. പക്ഷേ അങ്ങനെയല്ലല്ലോ പ്രചരണം, ചിലര്‍ നേരത്തെ സ്വപ്നം കണ്ടുവെന്നും പിന്നീട് അത് അധ്വാനിച്ച് യാഥാര്‍ത്ഥ്യമാക്കി എന്നുമാണല്ലോ പറയുന്നത്?
പ്രചരണങ്ങള്‍ പലതും നിറംപിടിപ്പിച്ചതാണ്. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ജി സുധാകരന്റെ നേതൃത്വത്തിലുള്ള കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഒരു വ്യാവസായിക ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങാന്‍ നടത്തിയ ആലോചനയും, അതിനോട് പ്രതികരിച്ചുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്റെ തീരുമാനവും. സര്‍ക്കാരിന്റെ ഉപദേഷ്ടാവായിരുന്ന ശ്രീ കെപിപി നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് രൂപം നല്‍കിയ ഇലക്ടോണിക്‌സ് ടെക്‌നോളജി പാര്‍ക്ക് - കേരള ആണ് ഇപ്പോഴത്തെ ടെക്‌നോപാര്‍ക്ക്. ഇതെല്ലാം തമസ്‌കരിച്ച് പുതിയ പുതിയ കഥകള്‍ പുറത്തുവരികയാണ്. ഫ്‌ളൈററില്‍ വച്ച് ആശയം പൊട്ടിമുളച്ചതു മുതല്‍ ആപ്പിള്‍ സന്ദര്‍ശനം വരെ. ആദ്യം നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പമ്പ, പെരിയാര്‍ എന്നിവ മൂന്ന് നില മാത്രമുള്ള സ്‌ലോപ്പിംഗ് റൂഫും സാധാരണ വലിപ്പവുമുള്ള കെട്ടിടങ്ങളായിരുന്നു. ആദ്യം വന്ന കമ്പനികളും അത്തരത്തിലുള്ളതായിരുന്നു. ഡാറ്റാവെയര്‍ ഡിസൈന്‍ ലാബ്‌സ്, കേയ്‌സ് കണ്‍സല്‍ട്ടന്‍സ്, നെറ്റ് വര്‍ക്കിംഗ് സിസ്റ്റംസ് തുടങ്ങി ഇവയുടെ ഒന്നും പേരില്‍ പോലും സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നില്ല.ഔട്ട് സോഴ്‌സിംഗ് എന്നാല്‍ ലേബര്‍ ഉള്ളേടത്തേക്ക് തൊഴില്‍ ദാതാവ് തേടിവരിക എന്നതാണ്. അത് ക്യാപിറ്റലിന്റെ ആവശ്യമാണ്. അത്തരത്തില്‍ കേരളത്തിലെ ലേബര്‍ ഫോഴ്‌സിനെ തേടി തൊഴില്‍ വന്നു എന്നതാണ് ശരി. ലേബര്‍ കോണ്‍ട്രാക്റ്റ് എടുക്കുന്നവര്‍ ആദ്യം സ്വന്തം സ്ഥലത്ത് അല്ലെങ്കില്‍ അതിനോടടുത്ത് തൊഴിലാളികളെ ലഭിക്കുന്നിടത്ത് അത് ആരംഭിക്കും. അതിവിടെയുമുണ്ടായി. ചിലര്‍ സ്വപ്‌നം കണ്ടു, അത് യാഥാര്‍ത്ഥ്യമാക്കി എന്നൊക്കെ ഇപ്പോള്‍ പറയാന്‍ കൊള്ളാം. എന്നാല്‍ നമ്മുടെ സ്വപ്‌നങ്ങളേയും മറികടന്ന് ഐടി അനുബന്ധ വ്യവസായങ്ങള്‍ വളര് ന്നു വന്നു എന്നതാണ് ശരി. ആരെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടെങ്കില്‍ അത് സ്വകാര്യ സ്ഥാപനങ്ങളായ ലേബര്‍ കോണ്‍ട്രാക്ടര്‍മാരാണ്. ഉദാഹരണത്തിന് 1999ല്‍ 14 പേരുമായി ആരംഭിച്ച യുഎസ് ടെക്‌നോളജീസ് ഇന്ന് പതിനായിരത്തിലധികം തൊഴിലാളികളുള്ള കമ്പനിയായി മാറി. ഇതില്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടേയും പങ്ക് നോണ്‍ ഇന്റര്‍വെന്‍ഷന്‍ എന്നുള്ളതായിരുന്നു.
4. അപ്പോള്‍ സര്‍ക്കാരിനും അതിന്റെ നയത്തിനും ഒരു പങ്കും ഇല്ല എന്നാണോ?
അല്ല. ടെക്‌നോപാര്‍ക്കില്‍ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ വഹിച്ച പങ്ക് വലുതാണ്, നയപരമായും വിജയകരമായ വ്യവസായ രീതി എന്ന നിലയിലും. അതിനേയും അവിടെ നമ്മള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പങ്കിനേയും വേറിട്ട് കാണണം. 25 വര്‍ഷം ആഘോഷിക്കുമ്പോള്‍ സ്വകാര്യ മേഖലയുടെ വിജയത്തിന്റെ മറവില്‍ ഈ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും പരിശോധിക്കപ്പെടാതെ പോവുക മാത്രമല്ല, ചിലപ്പോള്‍ പ്രകീര്‍ത്തിക്കപ്പെടുന്നുമുണ്ട്.
5. എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? ഇത് കുറച്ച് കൂടി വ്യക്തമാക്കാമോ? ആരാണ് ആ ഉദ്യോഗസ്ഥര്‍?
അത് പറയാനുള്ള ഘട്ടം വരട്ടെ. അവിടെ ഫൈനാന്‍സ് കൈകാര്യം ചെയ്തിരുന്നവര്‍ സ്വന്തം കീശയില്‍ നിന്ന് പണം തിരിച്ചടയ്ക്കാന്‍ കോടതി വിധി വരുന്നത് കുറഞ്ഞപക്ഷം കെടുകാര്യസ്ഥതയെങ്കിലുമല്ലേ? സ്ഥലം നല്‍കുന്നതില്‍, നിയമനങ്ങളില്‍ ഉള്‍പ്പെടെ നടന്ന അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം നടക്കുന്നത് നിങ്ങള്‍ പരിശോധിക്കൂ.
6. പ്ളാനിംഗ് ബോര്‍ഡ് മെമ്പര്‍ ആയ ജി. വിജയരാഘവന്‍ ടെക്‌നോപാര്‍ക്കിന്റെയും ഐടി വികസനത്തിന്റെയും കാര്യത്തില്‍ വിഎസ് സര്‍ക്കാരിനെ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. വി എസ് സര്‍ക്കാര്‍ ഈ മേഖലയെ പുറകോട്ട് വലിച്ചു എന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിക്കുന്നത്. അതിനുള്ള മറുപടി എന്താണ്?
അദ്ദേഹത്തെ കൊണ്ട് ഇത് പറയിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയം. അദ്ദേഹം യുഡിഎഫുകാരനാണ് എന്ന് മാത്രമല്ല, യു ഡിഎഫിനേക്കാള്‍ വലിയ വലതുപക്ഷ രാഷ്ട്രീയക്കാരനാണ്. ഇത്തരക്കാര്‍ ബാര്‍ നിര്‍ത്തണോ എന്ന് ചോദിച്ചാല്‍ അത് ഐടി വ്യവസായത്തെ ബാധിക്കും എന്ന് പറയും. ഗോള്‍ഫ് ക്ളബ്ബ് തര്‍ക്കത്തിലും അവര്‍ ഐടിയെ വലിച്ചിടും. എമേര്‍ജിംഗ് കേരളയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നൈറ്റ് ക്ലബിനുവേണ്ടിയും അവര്‍ ഐടിയെ ഉപയോഗിക്കും. തൊഴിലാളികളുടെ പിരിച്ചുവിടലും ശമ്പളം നല്‍കാത്ത അവസ്ഥയും ഒന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. ഇവര്‍ വാദിക്കുന്നത് ഐടി വ്യവസായത്തിന് വേണ്ടിയല്ല, മറിച്ച് ഇന്‍വെസ്റ്റര്‍ക്ക് വേണ്ടി മാത്രമാണ്. അത് ഏത് രംഗത്തായാലും.വിഎസ് സര്‍ക്കാരിനെ സംബന്ധിച്ച് ഐടി ഇന്‍ഡസ്ട്രി എന്നാല്‍ അതിലെ തൊഴിലാളികള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു. അതുകൊണ്ട് ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലി ആകാനല്ല മറിച്ച് ഇന്‍ഡസ്ട്രി ഫ്രണ്ട്‌ലി എന്ന നയമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. ടെക്‌നോപാര്‍ക്കില്‍ ചില കമ്പനികളില്‍ നടന്ന അന്യായമായ പിരിച്ചുവിടലിനെതിരെ വിഎസ് സര്‍ക്കാര്‍ നിലപാടെടുത്തു. കോണ്‍ട്രാക്ട് നഷ്ടപ്പെടുന്ന കരാറുകാരന് പലപ്പഴും തൊഴിലാളികളെ ഒഴിവാക്കേണ്ടി വരും. ഔട്ട് സോഴ്‌സിംഗ് ഇന്‍ഡസ്ട്രിയില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു കരാറും നഷ്ടപ്പെടാതെ നിലനില്‍ക്കുകയും വലിയ ലാഭമുണ്ടാകുകയും ചെയ്യുന്ന കമ്പനികള്‍ നടത്തിയ നീതിരഹിതമായ നടപടി സര്‍ക്കാര്‍ ചെറുത്തു. ഈ കമ്പനികള്‍ ചെയ്തത് അന്യായമായിരുന്നു എന്നറിയാന്‍ ആ വര്‍ഷങ്ങളിലെ ലാഭക്കണക്കുകള്‍ അവര്‍ തന്നെ ഫയല്‍ ചെയ്തിരിക്കുന്നത് പരിശോധിച്ചാല്‍ മതി. എന്‍ഒസി മുതലായ ചില തൊഴിലാളി വിരുദ്ധ നടപടികള്‍ നിരുത്സാഹപ്പെടുത്തുകയും ആ സര്‍ക്കാര്‍ ചെയ്തു. വന്‍ തുക വാങ്ങിക്കൊണ്ട് ജോലി നല്‍കുന്നതും തടയാന്‍ നടപടി എടുത്തു.വിജയരാഘവന്റെ പ്രതിലോമകരമായ രാഷ്ട്രീയ കാഴ്ചപ്പാടിനൊപ്പം താനുള്‍പ്പെടെയുളളവരുടെ നിഷ്‌ക്രിയത്വം മറയ്ക്കാനുള്ള ശ്രമം കൂടിയാണ് അദ്ദേഹം നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഐടി വ്യവസായ രംഗത്ത് പുതിയ കാഴ്ചപ്പാടും കുതിച്ചു ചാട്ടവും ഉണ്ടായ കാലയളവാണ് വി എസ് സര്‍ക്കാരിന്റേത്. വിജയരാഘവന്‍ കണക്കുകള്‍ പരിശോധിക്കട്ടെ. ഇടത് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ടെക്‌നോപാര്‍ക്കും എറണാകുളം ഇന്‍ഫോ പാര്‍ക്കുമാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന രീതിയില്‍ ഉണ്ടായിരുന്നത്. എന്തായിരുന്നു 2006ല്‍ വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴത്തെ അവസ്ഥ? ടെക്‌നോപാര്‍ക്കില്‍ സ്ഥലം ചോദിച്ച് കാത്ത് നില്‍ക്കുന്ന കമ്പനികളുടെ നീണ്ട ലിസ്റ്റ് തന്നെ മുന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. ടെക്‌നോപാര്‍ക്കിന്റെ തൊഴില്‍ കാത്ത് യുവാക്കളും സ്ഥലം കാത്ത് വ്യവസായികളും നിന്നിരുന്നു എന്നര്‍ത്ഥം. ഇന്‍ഫോപാര്‍ക്കിലെ സ്ഥലം ഐടി കമ്പനികള്‍ക്ക് നല്‍കുന്നത് വിലക്കിക്കൊണ്ട് ഒരു സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കിയിരുന്നു. ഇന്‍ഫോപാര്‍ക്ക് എന്ന പേര് ഇനി ഉപയോഗിക്കില്ല എന്നുറപ്പ് നല്‍കിക്കൊണ്ട് ടീകോമിന് വില്‍പ്പനക്കിട്ടിരിക്കുകയായിരുന്നു. ചുരുക്കത്തില്‍ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് ഒരു പ്രതിസന്ധി ചില റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വേണ്ടി ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിരുന്നു.സമഗ്രമായ ഒരു ഐടി നയം രൂപീകരിക്കുകയാണ് വിഎസ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അത് ഐടി വ്യവസായത്തിന് വേണ്ടി മാത്രമുള്ളതായിരുന്നില്ല. എങ്കിലും ഇവിടെ പരിഗണിക്കുന്നത് വ്യവസായ വളര്‍ച്ച ആയതുകൊണ്ട് അത് മാത്രം പറയാം. ഒന്നോ രണ്ടോ പട്ടണങ്ങളില്‍ ഐടി പാര്‍ക്ക് എന്നതില്‍ നിന്ന് മാറി കേരളത്തെ തന്നെ ഒരു ഐടി ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുക എന്ന നയം സ്വീകരിച്ചു. കേരളത്തിന്റെ ഒരു അര്‍ബന്‍ ഡിസ്ട്രിബ്യൂഷന്‍ മുതലെടുത്തു കൊണ്ടും ഒന്നോ രണ്ടോ പട്ടണത്തില്‍ കേന്ദ്രീകരിച്ചാല്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കും പാര്‍പ്പിട ആവശ്യവും കുടിവെള്ള പ്രശ്‌നവും മറികടക്കാനും ഇതുവഴി സാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ നയം സ്വീകരിച്ചത്. ഹബ് ആന്റ് സ്പോക്ക് മോഡലില്‍ ഇത്തരം പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കാന്‍ ഏതെങ്കിലും സ്വകാര്യ കമ്പനികളുടെ ഡിമാന്റുകള്‍ക്ക് വഴങ്ങാന്‍ ഇല്ല എന്ന് തീരുമാനിച്ചു. മൂന്ന് ഹബ്ബുകള്‍, തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക്, എറണാകുളം കേന്ദ്രമാക്കി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് കേന്ദ്രീകരിച്ച് സൈബര്‍ പാര്‍ക്ക് എന്നിവയായിരുന്നു അത്. വികസനത്തെ കുറിച്ച് വലിയ വായ്ത്താരി നടത്തുന്ന വിജയരാഘവനെ പോലുള്ളവര്‍ പ്രകീര്‍ത്തിക്കുന്ന യുഡിഎഫ് സര്‍ക്കാരുകള്‍ ഐടി വ്യവസായ വികസനത്തിന് ഒരിഞ്ച് സ്ഥലം കണ്ടെത്താതെ സമയം പാഴാക്കിയപ്പോള്‍ കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത കുതിച്ച് ചാട്ടമാണ് വിഎസ് സര്‍ക്കാര്‍ നടത്തിയത്. വില്‍പനക്കിട്ടിരുന്ന ഇന്‍ഫോപാര്‍ക്ക് നിറഞ്ഞു എന്ന് മാത്രമല്ല കൊരട്ടി, ചേര്‍ത്തല എന്നിടങ്ങളിലേക്ക് വളരുകയും ചെയ്തു. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടം, ടെക്‌നോസിറ്റി, കുണ്ടറ ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. കോഴിക്കോട് സൈബര്‍ പാര്‍ക്ക്, ഊരാളുങ്കല്‍ സൊസൈറ്റിയുടെ പാര്‍ക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഇന്‍ഫോസിസ്, യുഎസ് ടെക്‌നോളജീസ് എന്നിവര്‍ സ്വന്തം ക്യാമ്പസിലേക്ക് മാറിയിരിക്കുന്നു.ഇന്‍ഫോസിസ് കേരളത്തിന് പകരം അവരുടെ മംഗലാപുരത്തെ ക്യാമ്പസിന് പ്രാമുഖ്യം നല്‍കുന്നു എന്നറിഞ്ഞ മുഖ്യമന്ത്രി അവരുടെ ബാംഗ്ലൂര്‍ ഓഫീസ് സന്ദര്‍ശിച്ചാണ് അവരെ ഇവിടെ പ്രയോറിട്ടൈസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഒരു സ്ഥലത്ത് പോലും ജനങ്ങളെ കുടിയിറക്കാതെ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ഈ വികസനം രാഷ്ട്രീയ കാരണങ്ങളാല്‍ കണ്ടില്ല എന്ന് നടിക്കുന്നത് മനസിലാക്കാം. ഒന്നും നടന്നില്ല എന്നും പുറകോട്ടടിച്ചു എന്നും പറയണമെങ്കില്‍ അത് ചില ദുരുദ്ദേശ്യങ്ങള്‍ വെച്ചുകൊണ്ട് തന്നെയാണ്. തങ്ങള്‍ വികസന വിരോധിയായി ചിത്രീകരിച്ച വിഎസാണ് കേരളത്തിലെ ഐടി വളര്‍ച്ചയിലെ നിര്‍ണ്ണായക സ്ഥാപനങ്ങള്‍ തുടങ്ങിയതും വളര്‍ത്തിയതും എന്നത് ഈ കൂട്ടര്‍ക്ക് സഹിക്കാനാവുന്നില്ല.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് വിഎസ് സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയത് എന്ന കാര്യം കൂടി ഓര്‍ക്കണം. 2006ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ ഐടി കയറ്റുമതി 460 കോടി രൂപയുടേതായിരുന്നു. 2011ല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ അത് 3500 കോടിയായി വളര്‍ന്നു. ഇന്ത്യയുടെ ശരാശരി ഐടി വളര്‍ച്ചാനിരക്ക് അന്ന് 33 ശതമാനമായിരുന്നത് കേരളത്തില്‍ 55 -58 ശതമാനമായിരുന്നു. അതാണ് വിജയരാഘവന്‍ കണക്കുകള്‍ പരിശോധിക്കണം എന്നുഞാന്‍ പറഞ്ഞത്.
7. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അനുമതി നല്‍കിയില്ലെന്നും അത് നല്‍കിയപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ നിക്ഷേപങ്ങള്‍ പോയി എന്നുമാണ് പ്രധാന വിമര്‍ശനം.
പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച് ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് വിഎസിന്, അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നത് ശരിയാണ്. ഐടി വികസനത്തിന് പ്രത്യേക സാമ്പത്തിക മേഖല ആവശ്യമില്ല എന്നുമാത്രമല്ല അത്തരം ക്ലസ്റ്ററിംഗ് വേണം എന്ന സമീപനം ഐടിയുടെ സ്വഭാവത്തിന് തന്നെ നിരക്കുന്നതല്ല. ഐടി കേരളത്തിന് അനുയോജ്യമായ വ്യവസായമാണ് എന്ന് പറയുന്നതിന് പ്രധാന കാരണം അത് അധികം ലാന്റ് കണ്‍സ്യൂമിംഗ് അല്ല എന്നതുകൊണ്ടാണ്. എന്നാല്‍ കുറഞ്ഞത് 25 ഏക്കര്‍ പ്‌ളോട്ടുകള്‍ എങ്കിലും വേണമെന്ന സെസ് നിബന്ധന അനാവശ്യവും കേരളത്തിന് ഉതകാത്തതുമായിരുന്നു. ഈ പറഞ്ഞതെല്ലാം കേന്ദ്രം കൊണ്ടുവന്ന സെസ് ആക്ടിനോടുള്ള നയപരമായ എതിര്‍പ്പുകളായിരുന്നു. എന്നാല്‍ ഫെഡറല്‍ സ്റ്റേറ്റ് ആയ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ദേശീയനയത്തിന്റെ പരിധിക്കുള്ളിലേ നില്‍ക്കാനാകൂ. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലോ ഐടി വകുപ്പ് മന്ത്രി എന്ന നിലയിലോ സെസുകള്‍ വേണ്ടാ എന്ന സമീപനം വിഎസ് സ്വീകരിച്ചിട്ടില്ല. മറിച്ച് വ്യവസായത്തിനായി ഏറ്റെടുത്ത് നല്‍കുന്നതോ ലാന്റ് സീലിംഗില്‍ നിന്ന് എക്‌സെപ്ഷന്‍ നല്‍കുന്നതോ ആയ സ്ഥലം അതിന്റെ 70ശതമാനം എങ്കിലും വ്യവസായത്തിനായി ഉപയോഗിക്കണം എന്ന് നിഷ്‌കര്‍ഷിച്ചു എന്നുമാത്രം. ഇത് ദേശീയ നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള നയമാണ്. ഇതെങ്ങനെയാണ് വ്യവസായ വിരുദ്ധമാകുന്നത്?. ഇത് ഇന്‍ഡസ്ട്രി ഫ്രണ്ട്‌ലി ആണ്. എന്നാല്‍ എപ്പോഴും ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലി ആകണമെന്നില്ല, ആ ഇന്‍വെസ്റ്റര്‍ക്ക് വ്യവസായത്തിലല്ല മറിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലാണ് താല്‍പര്യമെങ്കില്‍.ഇനി സെസുകളെ സംബന്ധിച്ച് നടത്തുന്ന പ്രസ്താവനകളും വസ്തുതകള്‍ പരിശോധിക്കാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. 32 പ്രത്യേക സാമ്പത്തിക മേഖല പ്രദേശങ്ങള്‍ക്ക് കേരളത്തില്‍ ഫോര്‍മല്‍ അപ്രൂവല്‍ ലഭിച്ചു. ഇതില്‍ 30 എണ്ണം വിഎസ് സര്‍ക്കാരിന്റെ കാലത്താണ്. ഇന്ത്യയില്‍ നാല് സംസ്ഥാനങ്ങളില്‍ മാത്രമേ ഇതില്‍ കൂടുതല്‍ സെസുകള്‍ക്ക് ഫോര്‍മല്‍ അപ്രൂവല്‍ ലഭിച്ചിട്ടുള്ളൂ. ഈ സംസ്ഥാനങ്ങളാകട്ടെ വിസ്തീര്‍ണത്തില്‍ കേരളത്തേക്കാള്‍ എത്രയോ മുന്‍പിലാണ്. പ്രവര്‍ത്തിക്കുന്ന സെസുകളുടെ കണക്ക് നോക്കിയാല്‍ കേരളത്തില്‍ 15, ഗുജറാത്ത് 18, ആന്ധ്രയില്‍ 19, മഹാരാഷ്ട്രയില്‍ 25, കര്‍ണാടകത്തില്‍ 26. ഏതാണ് കേരളത്തില്‍ നിന്ന് മറ്റുസംസ്ഥാനങ്ങളിലേക്ക് പോയ സെസ് എന്ന് വ്യക്തമാക്കാന്‍ ഇവര്‍ക്കാവുമോ? പ്രത്യേക സാമ്പത്തിക മേഖല പരാജയപ്പെട്ടു എന്ന് രാജ്യം തന്നെ വിലയിരുത്തിക്കഴിഞ്ഞു. രാജ്യത്താകെ ഫോര്‍മല്‍ അപ്രൂവല്‍ ലഭിച്ച 564 സെസുകളില്‍ 192 എണ്ണം മാത്രമാണ് പ്രവര്‍ത്തനം ആരംഭിക്കുക എങ്കിലും ചെയ്തിട്ടുള്ളത്.കേരളത്തില്‍ അനുമതി ലഭിച്ച 32ല്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്നതാണ് പ്രവര്‍ത്തനസജ്ജമായ എല്ലാ പാര്‍ക്കുകളും. അവയെല്ലാം വിജയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് സ്വകാര്യ പ്രത്യേക സാമ്പത്തിക മേഖലകള്‍ ഇനിയും പ്രവര്‍ത്തനം ആരംഭിക്കാത്തത്?പാര്‍ശ്വനാദ്, ബ്ളൂ സ്റ്റാര്‍ റിയല്‍റ്റേഴ്‌സ്, സതര്‍ലാന്റ്, എംജിഎഫ്, യൂണിടെക് ഇവയെല്ലാം എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ല? സ്മാര്‍ട്ട്‌സിറ്റി എന്തുകൊണ്ട് ഇഴയുന്നു? ഇതേസമയം സര്‍ക്കാര്‍ ആരംഭിച്ച എല്ലാ സെസുകളും - കൊരട്ടി, ചേര്‍ത്തല, കുണ്ടറ, ടെക്‌നോപാര്‍ക്ക് ഫേസ് സെക്കന്റ് ആന്റ് തേഡ് - എല്ലാം നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു നിബന്ധനയും ഇല്ലാതെ വസ്തു ഈ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വിട്ടുകൊടുത്തില്ല എന്നതാണ് ഇവരുടെ സങ്കടം. ഇന്ത്യയില്‍ ഇതിനോടകം 60ലധികം സെസുകള്‍ ഡീനോട്ടിഫൈ ചെയ്ത് കഴിഞ്ഞു. കേരളത്തില്‍ വസ്തു കൈക്കലാക്കി പ്രവര്‍ത്തനം ആരംഭിക്കാതെ ഇരിക്കുന്ന ചില സ്ഥാപനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ ഡീനോട്ടിഫൈ ചെയ്തവരില്‍ പെടും.സ്ഥലം കാത്ത് നിന്ന ഐടി വ്യവസായികള്‍ക്ക് മുഴുവന്‍ അത് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നല്‍കുകയാണ് വിഎസ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ സ്വകാര്യ സെസ് അപേക്ഷയുമായി വന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ബാര്‍ഗെയ്‌നിംഗ് പവര്‍ പൂര്‍ണമായി നഷ്ടപ്പെട്ടു എന്നതാണ് സത്യം. ഒരു വ്യവസ്ഥയുമില്ലാതെ 2006ല്‍ തള്ളിക്കയറി വന്ന റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് എല്ലാം ഐടിയുടെ പേരില്‍ സെസ് അനുവദിച്ചിരുന്നു എങ്കില്‍ ഒരു സംശയവുമില്ല ഇന്ന് ഐടിയും കേരളത്തിന് അനുയോജ്യമല്ലാത്ത വ്യവസായം ആയി മാറിയേനെ. ഇവരുടെ ഉദ്ദേശശുദ്ധിയില്ലായ്മ വെളിവാക്കുന്നതാണ് ഒറൊറ്റ സ്വകാര്യ സെസ്സും പ്രവര്‍ത്തനക്ഷമമല്ല എന്ന വസ്തുത. ഐടി സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന സെസുകളാണ് പ്രിഫര്‍ ചെയ്തത് എന്നതും ഇത്തരം വികസനവാദികളുടെ വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
8. കമ്പ്യൂട്ടറിനെതിരെ പ്രത്യയശാസ്ത്രപരമായി സമയം ചെയ്തവര്‍ ഇപ്പോള്‍ ഐടി പാര്‍ക്ക് കൊണ്ടുവന്നു എന്നും വളര്‍ത്തി എന്നും പറയുന്നതില്‍ യുക്തിവൈരുദ്ധ്യം തോന്നുന്നില്ലേ?
അത് ഓവര്‍ സിംപ്ലിഫൈ ചെയ്യുന്നതാണ്. ഓരോരുത്തരുടെ പേഴ്‌സ്‌പെക്റ്റീവ് അനുസരിച്ചാണ് ഇതൊക്കെ ചെയ്യുന്നത്. തൊഴില്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാക്ടറും കമ്പ്യൂട്ടറും തടഞ്ഞത്. ഓവര്‍ മെക്കനൈസേഷന് എതിരെ സംസാരിക്കുന്നത് ഇടതുപക്ഷം മാത്രമല്ല. കൂടുതല്‍ തൊഴില്‍ നല്‍കും എന്നത് കൊണ്ടാണ് ഐടി പാര്‍ക്കുകളെ സ്വാഗതം ചെയ്യുന്നതും. മറിച്ച് മുതലാളിമാര്‍ക്ക് വേണ്ടി മാത്രം വാദിക്കുന്നവരുടെ കാര്യത്തിലും ആ വൈരുദ്ധ്യമുണ്ട്. വിദേശത്ത് പോയി കഷ്ടപ്പെടാതെ ഇവിടെ തന്നെ ജോലി ലഭിക്കുന്നു എന്നതാണ് ടെക്‌നോപാര്‍ക്കിന്റെ നേട്ടമായി ഇവര്‍ പറയുന്നത്. എന്നാല്‍ നേഴ്‌സിംഗ് മേഖലയില്‍ 2500 രൂപ ശമ്പളം എന്നതിന് പകരം മിനിമം വേജ് തീരുമാനിച്ചതിനെതിരെ ഇതേ ആളുകള്‍ പറയുന്നത് ഇവിടെ രണ്ട് മൂന്ന് കൊല്ലം കഷ്ടപ്പെട്ടിട്ടാണെങ്കിലും അവര്‍ വിദേശത്ത് പോയി രക്ഷപ്പെട്ടേനെ എന്നാണ്. കുറഞ്ഞ ചിലവില്‍ തൊഴിലിന് ആളിനെ ലഭ്യമാക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
9. അമ്പലപ്പുഴയില്‍ ആരംഭിച്ച പാര്‍ക്കും ടെക്‌നോ ലോഡ്ജുകളും പരാജയപ്പെട്ടു എന്നും ആരോപണമുണ്ടല്ലോ?
അമ്പലപ്പുഴ പാര്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് അതിന്റെ നിര്‍മാണം ആരംഭിച്ചതായിരുന്നു. പക്ഷേ അതിനുശേഷമാണ് അത് പാടമാണെന്ന കാര്യം ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വിഎസ് വിജയന്‍ ചൂണ്ടിക്കാട്ടിയത്. ഉടന്‍ തന്നെ അത് ഡീനോട്ടിഫൈ ചെയ്ത് നികത്തല്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയാണ് ചെയ്തത്. ആറന്മുള സംബന്ധിച്ച് ആക്ഷേപമുന്നയിക്കുന്നവരോട് ഞാന്‍ പറയാറുള്ള മറുപടി അതാണ്. നോട്ടക്കുറവ് സ്വന്തം വകുപ്പില്‍ പോലും ഉണ്ടായിട്ടുണ്ട്. പക്ഷേ ശ്രദ്ധയില്‍പെടുമ്പോള്‍ അത് തിരുത്താനും മടി കാണിച്ചിട്ടില്ല.ടെക്‌നോ ലോഡ്ജുകള്‍ വേണ്ടത്ര വിജയിച്ചില്ല എന്നത് ഞാന്‍ സമ്മതിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലയിലേ ആനുകൂല്യമുള്ളൂ എന്ന നയം ഇതിന് തിരിച്ചടിയായി. പക്ഷേ നോണ്‍ സെസ് മേഖലയില്‍ പ്രവര്‍ത്തിക്കേണ്ട കമ്പനികളുണ്ട്. കയറ്റുമതി ഉദ്ദേശിച്ചുള്ളതല്ലാത്തവ. ഇപ്പോള്‍ അത്തരം സ്ഥലങ്ങളും ഒരുക്കുന്നത് സെസുകളോട് ചേര്‍ന്നാണ്. അതുമാറി അവ കൂടുതല്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
10. കേരളം പോലൊരു സംസ്ഥാനത്ത് ഐടി വികസനത്തിന് സര്‍ക്കാരുകള്‍ എന്താണ് ചെയ്യേണ്ടത്? ഏത് സമീപനമാണ് അഭികാമ്യം?
നമ്മുടെ ഏറ്റവും വലിയ ശക്തി നമ്മുടെ മാനവവിഭവശേഷിയാണ്. ഇത് മാക്‌സിമൈസ് ചെയ്യുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഗുണത്തില്‍ പഴയ നിലവാരം പുലര്‍ത്താനാവുന്നില്ല എന്നത് ശരിയാണ്. ഇതിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.ഇടത് സര്‍ക്കാര്‍ ഒരു ഫിനിഷിംഗ് സ്‌കൂള്‍ കണ്‍സപ്റ്റ് കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിന്റെ നടത്തിപ്പ് പാളിപ്പോയി. പക്ഷേ അതിന്റെ ശരിയായ നടത്തിപ്പും ക്വാളിഫൈഡ് എന്നതില്‍ നിന്ന് എംപ്‌ളോയബിള്‍ എന്നതിലേക്ക് ഒന്നു പോളിഷ് ചെയ്‌തെടുക്കാനേ ഉതകൂ. നമ്മുടെ സ്‌കൂള്‍ തലം മുതലുള്ള വിദ്യാഭ്യാസം കൂടുതല്‍ ഇന്ററാക്ടീവ് ആകേണ്ടതുണ്ട്.
11. സ്മാര്‍ട്ട്‌സിറ്റിയില്‍ എന്താണ് സംഭവിക്കുന്നത്? സ്മാര്‍ട്ട്സിറ്റി കരാര്‍ പുതുക്കി നിശ്ചയിക്കുന്നതില്‍ താങ്കളും പങ്കാളിയായിരുന്നു.
ചുരുക്കി പറഞ്ഞാല്‍, ടീകോം ഒരു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമാണ്. ഒരു നിബന്ധനയും കൂടാതെ സ്ഥലം കൈയാളാം എന്നു കരുതിയാണ് 'വികസനത്തിന്റെ ആ അവസാന ബസ്' 2005ല്‍ വന്നത്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ സെസ് സംരംഭമായിരുന്നു സ്മാര്‍ട്ട്‌സിറ്റി. ഇനി ഇത്തരക്കാരിലൂടെ ഐടി അടിസ്ഥാന സൗകര്യ വികസനം നടക്കൂ എന്ന പ്രഖ്യാപിച്ച്, ഇന്‍ഫോപാര്‍ക്കും അവര്‍ക്ക് നല്‍കി വികസനത്തെക്കുറിച്ച് വലിയ പ്രസംഗങ്ങള്‍ നടത്തുകയാണ് യുഡിഎഫ് ചെയ്തത്. ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ 20,000 തൊഴിലാളികള്‍ ഉണ്ട്. ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടുന്ന സ്മാര്‍ട്ട്‌സിറ്റിയില്‍ ഇതേ കാലയളവില്‍ എത്ര തൊഴിലുകളാണ് 2005ലെ കരാറില്‍ പറഞ്ഞിരുന്നത്?. അഞ്ച് വര്‍ഷം കൊണ്ട് 5500 തൊഴിലവസരങ്ങളാണ് ആ കരാറിലുണ്ടായിരുന്നത്. അപ്പോള്‍ ഇന്‍ഫോപാര്‍ക്കിന്റെ സ്വാഭാവിക വളര്‍ച്ചയുടെ മറവില്‍ സ്മാര്ട്ട്സിറ്റിയിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ആ കരാര്‍.ആ കരാറാണ് നമ്മള്‍ പൊളിച്ചെഴുതിയത്. പക്ഷേ പണി ആരംഭിക്കാതെ ഇപ്പോഴും നമ്മെ കബളിപ്പിക്കുകയാണ് ഇരുകൂട്ടരും. കരാര്‍ നമ്മള്‍ ഒപ്പുവച്ചത് 2007ലാണ്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെയും ടീകോമിന്റേയും ചുമതലയാണ് എന്നും കരാര്‍ പറയുന്നു.മിനിമം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കരാറില്‍ നിര്‍വചിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇരു കക്ഷികളും ഒത്തുചേര്‍ന്നു ചെയ്യേണ്ടതായിരുന്നു. ഇതില്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് കാലതാമസം ഉണ്ടായിട്ടുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ടീകോമിനേയും, ടീകോം സംസ്ഥാന സര്‍ക്കാരിനേയും പഴിച്ചിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ 2010ല്‍ ടീകോമിന് അന്ത്യശാസനം നല്‍കുകയും സംയുക്ത യോഗത്തില്‍ അടിസ്ഥാന സൗകര്യം ലഭിച്ച് കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കരാറനുസരിച്ച് അത് 'ക്‌ളോസിംഗ് ഡേറ്റ്' എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ക്‌ളോസിംഗ് ഡേറ്റ് മുതല്‍ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം ടീകോമിന് മാത്രമാണ്. സ്മാര്‍ട്ട്‌സിറ്റി എന്ന സംയുക്ത സംരംഭത്തിന് പോലുമല്ല. അതനുസരിച്ച് ഇപ്പോള്‍ 52 ലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മ്മിക്കേണ്ട സമയം കഴിഞ്ഞു. അതിന് പീനല്‍ ക്‌ളോസും കരാറിലുണ്ട്. അപ്പോഴാണ് 6 ലക്ഷം ചതുരശ്രയടി കെട്ടിടത്തെക്കുറിച്ചും അതിന്റെ ഉദ്ഘാടനത്തെക്കുറിച്ചും എല്ലാ മൂന്ന് മാസം കൂടുമ്പോഴും പ്രസ്താവന നടത്തുന്നത്. ഒന്നാലോചിച്ച് നോക്കൂ, ഇത്തരം സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ഐടി അടിസ്ഥാന സൗകര്യ വികസനം വിട്ടുകൊടുത്തു സര്‍ക്കാര്‍ പിന്മാറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിലെ ഐടി വ്യവസായത്തിന്റെ ഗതി?. ഇത് തുറന്നുകാട്ടാനായി എന്നത് മാത്രമാണ് സ്മാര്‍ട്ട്സിറ്റിയുടെ നേട്ടം.
12. കേരളത്തിലെ ഐടി വികസനം സംബന്ധിച്ച് ഉമ്മന് ചാണ്ടി സര്‍ക്കാരിന്റെ നയത്തോട് എന്താണ് അഭിപ്രായം, എന്താണ് വിയോജിപ്പ്?
നയമില്ലായ്മയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഐടി നയം. മാറി മാറി വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ പ്രസംഗങ്ങള്‍ക്കപ്പുറം ഐടി വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ ഫെസിലിറ്റേറ്റര്‍ എന്ന റോളില്‍ നിന്ന് ഫെസിലിറ്റേറ്റ് ദ ഫെസിലിറ്റേറ്റര്‍ എന്ന റോളിലേക്ക് 2001 ലെ സര്‍ക്കാര്‍ മാറി. 2006ല്‍ വന്ന വിഎസ് സര്‍ക്കാര്‍ ഈ നയത്തിന്റെ ഫ്യൂസ് ഊരിമാറ്റി. ഇക്കഴിഞ്ഞ നാലര വര്‍ഷത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഐടി കാര്യത്തില്‍ ഒരു നയമേ ഇല്ല. എല്‍ഡിഎഫിന്റെ കാലത്താണ് ഒറാക്കിള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. ക്യാപ് ജമിനി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവര്‍ ഇതുവരെ വന്നിട്ടില്ല. ഇന്‍ഫോസിസ് ആകട്ടെ സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച് രണ്ടുതവണ കത്ത് നല്‍കി. അവരുടെ ക്യാമ്പസിന്റെ വികസനം പുനരാലോചിക്കേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്.നയമില്ലെങ്കിലും സര്‍ക്കാരിന് ഐടി കാര്യത്തില്‍ താല്‍പര്യമില്ല എന്ന് പറഞ്ഞുകൂട. ഐടി ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലാണ് അവരുടെ കൗതുകം. സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്ന പേരില്‍ ഘോഷിക്കപ്പെടുന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇവരാണിപ്പോള്‍ മൊത്ത വിതരണക്കാര്‍. എന്‍ട്രപ്രൂണറും സ്റ്റാര്‍ട്ട് അപ്പും ഇപ്പോള്‍ മറ്റൊരു അവസാനത്തെ ബസാണ്.