2015 സെപ്റ്റംബർ 5, ശനിയാഴ്‌ച

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും (2)

ഒറ്റപ്പെടുത്താം വെറുപ്പിന്റെ രാഷ്ട്രീയത്തെ
by കോടിയേരി ബാലകൃഷ്ണന്‍ on 03-September-2015

കേരളത്തില്‍ ഇന്നേവരെ ഒരു നിയമസഭാ സീറ്റിലോ പാര്‍ലമെന്റ് സീറ്റിലോ ബിജെപി വിജയിച്ചിട്ടില്ല. എന്നാല്‍, ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ യുഡിഎഫും ബിജെപിയും കൂട്ടുചേര്‍ന്ന വടകര-ബേപ്പൂര്‍ മോഡല്‍ സഖ്യം നമുക്ക് മറക്കാനാവുന്നതല്ല. ഇടതുപക്ഷം നടത്തിയ ശക്തമായ രാഷ്ട്രീയ ഇടപെടലാണ് ബിജെപിയുടെ മോഹം തകര്‍ത്തത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്ക് എല്ലാ സഹായവും നല്‍കുന്ന സമീപനമാണ് യുഡിഎഫില്‍നിന്ന് ഉണ്ടായിട്ടുള്ളത്. കേരളം ആര്‍ജിച്ച മതനിരപേക്ഷതയുടെ സംസ്കാരത്തെ തകര്‍ക്കുംവിധമുള്ള പ്രചാരവേലകള്‍ ഇവര്‍ ശക്തിപ്പെടുത്തുകയാണ്. കഴിഞ്ഞ മാസം ബിജെപി സംസ്ഥാന ഭാരവാഹി യോഗം അംഗീകരിച്ച് പ്രസിദ്ധീകരിച്ച പ്രമേയം ഇതിന്റെ സാക്ഷ്യപത്രമാണ്. എസ്എന്‍ഡിപി നേതൃത്വത്തെ വശത്താക്കി അവരുമായി ചേര്‍ന്ന് മത്സരിക്കാനുള്ള ഒരു പരീക്ഷണംകൂടി നടത്താനാണ് ഇപ്പോള്‍ ശ്രമം.
ന്യൂനപക്ഷ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിച്ച് വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനാകുമോ എന്ന ശ്രമമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ അവര്‍ നടത്തുന്ന പ്രചാരവേലയെ സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്. ഏതൊരു സമൂഹത്തിലും ഭൂരിപക്ഷംവരുന്ന ജനവിഭാഗത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് സ്വാഭാവികമായും ഒരു മേല്‍ക്കൈ ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സവിശേഷതകളെ പ്രത്യേക പ്രാധാന്യത്തോടെ കണ്ട് ഇടപെടേണ്ടതുണ്ട്. അതിലൂടെ സമൂഹത്തിന്റെ ഭാഗമാണ് തങ്ങളും എന്ന തിരിച്ചറിവ് ഇത്തരം വിഭാഗങ്ങളില്‍ ശക്തിപ്പെടും. അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രധാനമാണുതാനും.
അതത് സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് പരിഷ്കൃതസമൂഹത്തിന്റെ കാഴ്ചപ്പാടാണ്. ഇതിന്റെ ഭാഗമായാണ് ഏത് സമൂഹത്തിലെയും ന്യൂനപക്ഷസംരക്ഷണം എന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയാകുന്നത്. വര്‍ഗീയകക്ഷികളാകട്ടെ, ഓരോ രാജ്യത്തെയും ന്യൂനപക്ഷത്തെ എന്നതല്ല മറിച്ച്, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന വിഭാഗങ്ങളെ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വര്‍ഗീയമായി കണ്ട് പിന്തുണയ്ക്കുന്ന അജന്‍ഡ സ്വീകരിക്കുന്നു. നമ്മുടെ രാജ്യത്ത് മതപരമായ ന്യൂനപക്ഷങ്ങള്‍ മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവരാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കളാണ് ന്യൂനപക്ഷം. ഇന്ത്യയിലെ ഭൂരിപക്ഷത്തിന് കീഴ്പെട്ട് ന്യൂനപക്ഷങ്ങള്‍ ജീവിക്കണമെന്നു പറയുന്ന ബിജെപി ബംഗ്ലാദേശിലെ ഹിന്ദുമത വിശ്വാസികള്‍ എങ്ങനെ ജീവിക്കണമെന്നുകൂടി വ്യക്തമാക്കണം.
ഇന്ത്യയില്‍ ബാബറി മസ്ജിദ് പൊളിക്കാനും ഗുജറാത്തില്‍ വംശഹത്യ നടത്താനും നേതൃത്വം നല്‍കിയ നരേന്ദ്ര മോഡി യുഎഇയില്‍ പോയി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് സ്ഥലം അനുവദിക്കാമെന്ന് പ്രഖ്യാപിച്ച മുസ്ലിം രാജ്യത്തിലെ ഭരണാധികാരി മതേതര രാജ്യത്തെ പ്രധാനമന്ത്രിയെ മതേതരത്വം എന്തെന്ന് പഠിപ്പിച്ചതും നാം കണ്ടു.
പോപ്പുലര്‍ ഫ്രണ്ടും ജമാ-അത്തെ ഇസ്ലാമിയും ഒക്കെ ആര്‍എസ്എസിനെപ്പോലെതന്നെ മതരാഷ്ട്ര സങ്കല്‍പ്പമാണ് മുന്നോട്ടുവയ്ക്കുന്നത്. ന്യൂനപക്ഷ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാണ് നിലകൊള്ളുന്നതെന്നു പറഞ്ഞ് അവരുടെ അജന്‍ഡകളെ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യസീദികളെപ്പോലുള്ള വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അത് തുറന്നുകാട്ടി രംഗത്തുവരാത്തത് ഇത്തരം കാഴ്ചപ്പാടുകളുടെ ഫലമാണ്.
സിപിഐ എമ്മിന്റെ നിലപാട് വളരെ വ്യക്തമാണ്. ഏത് രാജ്യത്തെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഉള്‍പ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അത്തരം വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. മതനിരപേക്ഷതയുടെ അടിത്തറയാണ് ന്യൂനപക്ഷ പരിരക്ഷ. ഇക്കാര്യത്തില്‍ സിപിഐ എം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എന്നാല്‍, ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും വര്‍ഗീയതയ്ക്കെതിരെ പാര്‍ടി വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യും.
കച്ചവടരംഗത്തും ന്യൂനപക്ഷങ്ങള്‍ വളരുന്നു എന്നാണ് സംഘപരിവാറിന്റെ പ്രചാരണം. കേരളത്തിന്റെ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. കേരളചരിത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇ എം എസ് സൂചിപ്പിച്ചതുപോലെ കേരളത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം, ജൂത വിഭാഗങ്ങളാണ് പൊതുവില്‍ കച്ചവടത്തിലും വ്യവസായത്തിലും ആദ്യഘട്ടങ്ങളില്‍ ഇടപെട്ടത്.
ന്യൂനപക്ഷവിഭാഗങ്ങളില്‍ ഒരു ചെറുവിഭാഗം സമ്പന്നരായി മാറിയിട്ടുണ്ട്. എന്നാല്‍, ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണ്. കേരളത്തിലെ കടലോരമേഖല പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുസ്ലിം ഭൂരിപക്ഷജില്ലയായ മലപ്പുറമാണ് കേരളത്തില്‍ ആളോഹരിവരുമാനത്തില്‍ 14-ാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന ചെറുസമ്പന്നവിഭാഗത്തെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷമാകെ സമ്പന്നരാണെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢതന്ത്രങ്ങളാണ് ഇത്തരം പ്രചാരവേലയ്ക്കു പിന്നില്‍. ഭൂസ്വത്തുക്കള്‍ പരമ്പരാഗതമായി കൈവശംവച്ചവരില്‍നിന്ന് മറ്റ് വിഭാഗങ്ങളിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നു എന്ന ചര്‍ച്ചയും ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു എന്നാണ് സംഘപരിവാറിന്റെ പരിദേവനം.
കേരളത്തിന്റെ ഭൂസ്വത്തുക്കളില്‍ ബഹുഭൂരിപക്ഷവും ഒരു കാലത്ത് ചില വിഭാഗങ്ങളുടെ കൈവശമായിരുന്നു. 1957ലെ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം, ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതിന് നടത്തിയ ഇടപെടലായിരുന്നു. 1967ലെ സര്‍ക്കാരും ഇതിന്റെ തുടര്‍ച്ചയാണ് നടത്തിയത്. ഭൂകേന്ദ്രീകരണം അവസാനിപ്പിച്ച്, അതില്ലാത്ത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് സാമൂഹ്യവികാസത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ചാതുര്‍വര്‍ണ്യവ്യവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള സാമൂഹ്യവളര്‍ച്ചയെ ഉള്‍ക്കൊള്ളാനാകില്ല. ഇപ്പോള്‍ നടക്കുന്ന സംഘപരിവാര്‍ പ്രചരണത്തിനു പിന്നിലുള്ള ഈ ചാതുര്‍വര്‍ണ്യരാഷ്ട്രീയം തിരിച്ചറിയപ്പെടണം.ജനസംഖ്യയുമായി ബന്ധപ്പെട്ട കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് ഹിന്ദു ജനവിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കേരളത്തില്‍ 54.49 ശതമാനമാണ്. മുസ്ലിങ്ങള്‍ 26.56 ശതമാനവും ക്രിസ്ത്യാനികള്‍ 18.38 ശതമാനവും. മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരാകട്ടെ 0.57 ശതമാനവും. ഇന്ത്യയൊട്ടാകെ പരിശോധിച്ചാല്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം 80 ശതമാനത്തോളം വരും.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലിം-ക്രിസ്ത്യന്‍ ജനസംഖ്യ താരതമ്യേന നേരത്തെതന്നെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയും ക്രിസ്ത്യന്‍പള്ളിയും കേരളത്തിലാണെന്നോര്‍ക്കണം. മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ എണ്ണത്തിന്റെ കണക്ക് തെറ്റായി പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍. വിദ്യാസമ്പന്നരായ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ജനസംഖ്യ വളര്‍ച്ചാനിരക്ക് പൊതുവില്‍ കുറവായിരിക്കും. നിരക്ഷരരിലും ദരിദ്രരിലുമാണ് ഇത് പൊതുവില്‍ വര്‍ധിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ തെറ്റായ കണക്ക് പ്രചരിപ്പിക്കുന്നവര്‍, രാജ്യത്തെ 77 ശതമാനംവരുന്ന ജനതയ്ക്ക് 20 രൂപ മാത്രമാണ് പ്രതിദിനം വരുമാനം എന്ന കാര്യം പ്രചരിപ്പിക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തിലെ താഴെത്തട്ടിലെ 30 ശതമാനം ജനതയുടെ വരുമാനം താരതമ്യേന കുറഞ്ഞുവരുന്ന പ്രശ്നവും ഇവരെ അലട്ടുന്നില്ല. പാപ്പരാകുന്ന ജനങ്ങളില്‍ എല്ലാ മതവിഭാഗത്തില്‍പെട്ടവരുമുണ്ട്. പാവപ്പെട്ട ഹിന്ദുമതവിശ്വാസികളായ ജനതയുടെ പ്രശ്നം സംഘപരിവാര്‍ അജന്‍ഡയില്‍ ഇല്ലല്ലോ. വിശക്കുന്നവന് വേദാന്തമല്ല ഭക്ഷണമാണ് വേണ്ടതെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഇവിടെ പ്രസക്തം.അമ്പലങ്ങളുടെ വരുമാനം സര്‍ക്കാരിനും മുസ്ലിംപള്ളികളുടെ വരുമാനം പള്ളി കമ്മിറ്റികള്‍ക്കുമാണ് എന്ന പ്രചാരവേലയും നടക്കുന്നു. ക്ഷേത്രങ്ങള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന വസ്തുതയെ മറച്ചുവച്ചാണ് ഇത്തരം പ്രചാരവേല. വരുമാനമുള്ള ക്ഷേത്രങ്ങളുടെ പണം ദേവസ്വംബോര്‍ഡിലേക്ക് പോകുന്നു. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ഈ പണംകൊണ്ട് സഹായിക്കുകയും ചെയ്യുന്നു. ക്ഷേത്രവരുമാനത്തില്‍നിന്നുള്ള ഒരു തുകയും സര്‍ക്കാര്‍ ട്രഷറിയില്‍ എത്തുന്നില്ല. മാത്രമല്ല, ക്ഷേത്രകാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പണംനല്‍കുന്നു എന്ന കാര്യം നിയമസഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്.
മലബാര്‍ ദേവസ്വത്തിലെ ശാന്തിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ 2014ല്‍ 22 കോടിയോളം രൂപയാണ് പൊതുഖജനാവില്‍നിന്ന് നല്‍കിയത്. 1970കള്‍ മുതല്‍തന്നെ പത്മനാഭസ്വാമിക്ഷേത്രത്തിനുമാത്രം നിത്യനിദാനചെലവുകള്‍ക്കായി പ്രതിവര്‍ഷം ആറുലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ കൊടുത്തുവരുന്നുണ്ട്. 80 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നല്‍കുന്നുമുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിന് 250 കോടി രൂപ നല്‍കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം വന്നതും അടുത്ത ദിവസമാണ്. ഹിന്ദുക്കള്‍ സ്വന്തം പണംകൊണ്ട്് തീര്‍ഥാടനത്തിന് പോകുമ്പോള്‍ മുസ്ലിങ്ങള്‍ സര്‍ക്കാര്‍ പണംകൊണ്ട് ഹജ്ജിന് പോകുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന് എയര്‍ഇന്ത്യവഴി പോകുന്ന തീര്‍ഥാടകര്‍ക്ക് യാത്രച്ചെലവിന് സബ്സിഡി നല്‍കുന്നുണ്ട്. അത് തീര്‍ഥാടകര്‍ക്കല്ല വിമാനക്കമ്പനികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യക്കു പുറത്തുള്ള മാനസസരോവര്‍പോലുള്ള ഇടങ്ങളിലേക്ക് തീര്‍ഥാടനത്തിന് പോകുന്നതിന് ഹിന്ദുമത വിശ്വാസികള്‍ക്കും ഇത്തരം സഹായങ്ങളുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ചാണ് സംഘപരിവാര്‍ വര്‍ഗീയവിഷം ചുരത്തുന്നത്.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നു, ന്യൂനപക്ഷമതസ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്ന പ്രചാരവേലയുമുണ്ട്. ഹിന്ദുമതത്തിലെ പട്ടികജാതി-വര്‍ഗക്കാര്‍, പിന്നോക്ക ജാതിക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം വിദ്യാഭ്യാസ ആനുകൂല്യങ്ങളും സംവരണാവകാശങ്ങളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ചോദ്യംചെയ്യുന്ന സംഘപരിവാര്‍ ഹിന്ദുസമുദായത്തിലെ ഭൂരിപക്ഷമായ പിന്നോക്ക, ദളിത് സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികാസത്തിന് ഉതകുന്ന സംവരണത്തെ എതിര്‍ക്കുന്നവരാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഭരണ-ഉദ്യോഗസ്ഥ രംഗങ്ങളില്‍ ചരിത്രപരമായ കാരണങ്ങളാല്‍ മുസ്ലിം പ്രാതിനിധ്യം കുറവാണ് എന്ന വസ്തുതയും ഇവര്‍ മറച്ചുവയ്ക്കുന്നു.
ഭീകരവാദത്തെ സംബന്ധിച്ചാണ് സംഘപരിവാര്‍ നടത്തുന്ന മറ്റൊരു പ്രചാരണം. ഇതിന്റെ യാഥാര്‍ഥ്യവും മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ വേട്ടയാടുന്ന സംഘപരിവാര്‍ നേതാക്കള്‍ അഡ്നാന്‍ ഖഷോഗിയെപ്പോലുള്ള ആയുധകടത്തുകാരും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക മാഫിയാശക്തികളുമായി നല്ല ബന്ധം പൊതുവില്‍ പുലര്‍ത്തുന്നവരാണ്. മുംബൈ സ്ഫോടനശേഷം ദാവൂദ് സംഘത്തിന് അഭയം നല്‍കിയത് ബ്രിജ്ഭൂഷന്‍ ശരണ്‍ദാസ് എന്ന യുപിയില്‍നിന്നുള്ള ബിജെപി എംപിയാണ് എന്ന കാര്യവും ഓര്‍ക്കണം.നമ്മുടെ നാടിന്റെ സംസ്കാരം രൂപപ്പെട്ട് വന്നത് വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊണ്ടാണ്. വിദേശരാജ്യങ്ങളുമായി പ്രാചീനകാലത്തുതന്നെ കേരളത്തിന് ബന്ധമുണ്ടായിരുന്നു. അത്തരം സംസ്കാരങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കുക എന്ന വിശാല കാഴ്ചപ്പാടാണ് ഇവിടെ നിലനിന്നത്. കേരളീയന്റെ ഭാഷ, സംസ്കാരം, ഭക്ഷണം, വസ്ത്രം, കലകള്‍ ഇവയിലെല്ലാം ഇത്തരമൊരു കൂടിച്ചേരലിന്റെ ബാക്കിപത്രങ്ങള്‍ കാണാം. പുതിയ കാഴ്ചകളെ ഉള്‍ക്കൊണ്ട് അവ വളരുകയുമാണ്. ഇങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ പരസ്പരം ഇടപെടുന്നതിന്റെ ഭാഗമായി വളര്‍ന്നുവന്ന നമ്മുടെ സംസ്കാരത്തെ ഇഴപിരിച്ചെടുത്ത് തകര്‍ക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇതിനായി പ്രചരിപ്പിക്കുകയാണ്. എല്ലാ വിഭാഗങ്ങളും കൂടിച്ചേരുന്ന പൊതുമണ്ഡലങ്ങളെ സംരക്ഷിച്ച് നിര്‍ത്തുക എന്നത് കേരളത്തിന്റെ മതേതര സംസ്കാരം സംരക്ഷിക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനും അനിവാര്യമാണ്. അതേ അവസരത്തില്‍ത്തന്നെ ഓരോ മതവിശ്വാസിക്കും അവരുടെ വിശ്വാസം വച്ചുപുലര്‍ത്താനും വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുമുള്ള ജനാധിപത്യപരമായ അവകാശം ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പൊരുതിയാണ് നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഇവിടെ വളര്‍ന്നത്. ഇത്തരം മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത ശ്രീനാരായണഗുരുവും തന്റെ ജീവിതത്തില്‍ ഈ ഇടപെടലുകള്‍ നടത്തി എന്നു കാണാം. എസ്എന്‍ഡിപി രൂപീകൃതമായതിന്റെ അടുത്തവര്‍ഷം ആചാരപരിഷ്കാരങ്ങള്‍ക്കും ശ്രീനാരായണഗുരു ആഹ്വാനംചെയ്യുകയുണ്ടായി. താലികെട്ട് കല്യാണം, തിരണ്ട് കുളി, പുളികുടി മുതലായ അശാസ്ത്രീയവും അനാവശ്യവുമായ ആചാരങ്ങള്‍ നിര്‍ത്തല്‍ചെയ്യാനും വിവാഹരീതി പരിഷ്കരിക്കാനും ഗുരു പറയുകയുണ്ടായി. സവര്‍ണവിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമായി സംഘടിപ്പിച്ചു. ഇത്തരത്തില്‍ സമൂഹം പുറംതള്ളിയ ആചാരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അവകാശികളെന്നു പ്രഖ്യാപിക്കുന്നവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 1920ല്‍ ശ്രീനാരായണഗുരു പുറപ്പെടുവിച്ച സന്ദേശത്തില്‍ ""മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്'' എന്ന ആശയമാണ് പ്രചരിപ്പിച്ചത് എന്ന കാര്യവും നാം ഇവിടെ ഓര്‍ക്കണം.
കേരളം നേടിയ നേട്ടങ്ങളെ തകര്‍ത്ത് ജാതീയവും മതപരവുമായ വിഭജനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളജനത ജാഗരൂകരാകേണ്ടതുണ്ട്. അതോടൊപ്പം, കേരളജനത നേടിയെടുത്ത നേട്ടങ്ങളെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടവും ശക്തിപ്പെടുത്തണം. ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റിയെടുത്ത് കോര്‍പറേറ്റുകളുടെ നയങ്ങള്‍ക്ക് പരവതാനി ഒരുക്കാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനമാണ് വര്‍ത്തമാനകേരളം ആവശ്യപ്പെടുന്നത്

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും (1)

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും
by കോടിയേരി ബാലകൃഷ്ണന്‍ on 01-September-2015
നവോത്ഥാന മുന്നേറ്റവും  കമ്യൂണിസ്റ്റ് പാര്‍ടിയും

കേരളത്തിലെ നവോത്ഥാന മുന്നേറ്റവും  വര്‍ത്തമാനകാല ചര്‍ച്ചകളും - 2
വൈക്കം സത്യഗ്രഹശേഷവും ദേശീയപ്രസ്ഥാനം അയിത്തത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയി. സാമൂതിരിയുടെ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുവിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തി. എന്നാല്‍, ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് 1931ല്‍ വടകരയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം അയിത്തോച്ചാടനം പ്രധാന മുദ്രാവാക്യമായി ഏറ്റെടുത്തത്. ഈ തീരുമാനത്തിന്റെ ഫലമായി 1931ല്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു. എ കെ ജിയായിരുന്നു വളന്റിയര്‍ ക്യാപ്റ്റന്‍. പി കൃഷ്ണപിള്ള സജീവമായി പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിയടിച്ചതിന് കൃഷ്ണപിള്ളയ്ക്ക് ഭീകരമര്‍ദനമേറ്റു. എ കെ ജിയും കടുത്ത മര്‍ദനത്തിന് ഇരയായി.ഈ കാലഘട്ടത്തില്‍ ഗുരുവായൂര്‍ ഉള്‍പ്പെടുന്ന പൊന്നാനി താലൂക്കില്‍ സവര്‍ണഹിന്ദുക്കള്‍ക്കിടയില്‍ ഒറു റഫറണ്ടം നടത്തി. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി 15,568 പേരും പ്രതികൂലമായി 2778 പേരും അഭിപ്രായം രേഖപ്പെടുത്തി.
ഗുരുവായൂര്‍ സത്യഗ്രഹം സമൂഹത്തില്‍ ഉണ്ടാക്കിയ ചലനമാണ് ഇത് വ്യക്തമാക്കുന്നത്. എ കെ ജി ആത്മകഥയില്‍ എഴുതി- ""ഗുരുവായൂര്‍ സത്യഗ്രഹം ഒരു അഖിലേന്ത്യാ പ്രശ്നമായി മാറി. കേരളത്തിലെ പ്രധാനപത്രങ്ങള്‍ അതിനെപ്പറ്റി മുഖപ്രസംഗങ്ങള്‍ എഴുതി. അഖിലേന്ത്യാ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചു. പ്രസ്ഥാനത്തിന്റെ അല നാട്ടിലെമ്പാടും ഉയര്‍ന്നു. ഇതിനുമുമ്പ് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ ഹരിജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജനങ്ങള്‍ ഹരിജനപ്രസ്ഥാനത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങി''.
ഗുരുവായൂര്‍ സത്യഗ്രഹം കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷം, 1937ലാണ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. 1939ല്‍ പിണറായി പാറപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഏകദേശം ഒന്നടങ്കംതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറുകയായിരുന്നല്ലോ. ഇതിലെ സവിശേഷമായ ഒരു കാര്യം ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കടുത്ത മര്‍ദനമേറ്റ മൂന്നുപേരും- കൃഷ്ണപിള്ള, എ കെ ജി, മൊയ്യാരത്ത് ശങ്കരന്‍- കമ്യൂണിസ്റ്റ് പാര്‍ടിയിലാണ് ചേര്‍ന്നത് എന്നതാണ്. നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി എന്ന രീതിയിലുള്ള വികാസമാണ് ഉണ്ടായത്.
കമ്യൂണിസ്റ്റ് പാര്‍ടി എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം കേരളത്തിലെ മൊത്തം ജനതയ്ക്കും ലഭിച്ചിരുന്നില്ല. അത്തരം പ്രശ്നങ്ങളില്‍ പാര്‍ടി സജീവമായി ഇടപെട്ടു. തിരുവിതാംകൂറില്‍ നവോത്ഥാന പ്രസ്ഥാനങ്ങളാണ് ജാതീയമായ അവശതയുടെ പ്രശ്നങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ ഇടപെട്ടത്. ഇതില്‍നിന്ന് വ്യത്യസ്ത സമീപനമായിരുന്നു മലബാറില്‍. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളാണ് ആ ഉത്തരവാദിത്തം അവിടെ നിര്‍വഹിച്ചത്. മലബാറില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ക്ഷേത്രക്കുളങ്ങളില്‍ കുളിച്ച് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പ്രവര്‍ത്തനം മലബാര്‍ചരിത്രത്തിന്റെ ഭാഗമാണ്. മലബാറിലും ചില പ്രദേശങ്ങളില്‍ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉണ്ടായി. അതില്‍ എടുത്തുപറയേണ്ട പേരാണ് വാഗ്ഭടാനന്ദന്റേത്. തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ നാനാജാതിവിഭാഗങ്ങളെ അണിനിരത്തി കുളിക്കാന്‍ നേതൃത്വം നല്‍കിയത് സി എച്ച് കണാരനായിരുന്നു. തലശേരിപോലുള്ള സ്ഥലങ്ങളില്‍ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു. ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠയാണ് തലശേരി ശ്രീജഗന്നാഥക്ഷേത്രത്തിലേത്.
ആദ്യകാലത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാഗമായി മാറി. സി എച്ച് മുന്‍കൈയെടുത്ത് രൂപീകരിച്ച ശ്രീനാരായണ ബീഡിത്തൊഴിലാളി യൂണിയനാണ് പിന്നീട് തലശേരി ബീഡിത്തൊഴിലാളി യൂണിയനായി മാറിയത്. ശ്രീനാരായണഗുരുവിന്റെ തലശേരി സന്ദര്‍ശനവും അതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളും കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. മലബാര്‍ പ്രദേശം ശ്രീനാരായണദര്‍ശനത്തെക്കുറിച്ച് അറിയാത്തവരല്ല എന്നര്‍ഥം. മലബാറിലെ പാര്‍ടി നേതാക്കള്‍ക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അറിയില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പൊള്ളത്തരം വ്യക്തമാക്കുന്നു ഈ ചരിത്രവസ്തുതകള്‍.
കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചശേഷം അയിത്തത്തിനും ജാതീയതയ്ക്കുമെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി. 1946 ആഗസ്തില്‍ ഇത് സംബന്ധിച്ച ഒരു പ്രമേയം കമ്യൂണിസ്റ്റ് പാര്‍ടി അവതരിപ്പിച്ചു. അയിത്തം നിയമവിരുദ്ധമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണമെന്ന് ആ പ്രമേയത്തില്‍ നിര്‍ദേശിച്ചു. അയിത്തജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരോടുള്ള വെറുപ്പിനെ ചൂഷണംചെയ്ത്് ഭിന്നിപ്പും അന്തഃഛിദ്രവും വളര്‍ത്തി എടുക്കുന്നതിനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നതെന്നും പ്രമേയം വ്യക്തമാക്കി. പട്ടികജാതി വിഭാഗങ്ങളുടെ പങ്കാളിത്തം സ്വാതന്ത്ര്യസമരത്തിന് അനിവാര്യമാണെന്ന കാര്യവും ആ രേഖ എടുത്തുപറഞ്ഞു.
തുടര്‍ന്ന് രേഖ ഇങ്ങനെ വ്യക്തമാക്കി- ""ഗവണ്‍മെന്റുനിയമം വരുന്നതിനുമുമ്പായി തന്നെ ബഹുജനസംഘടനകള്‍ അയിത്തം ആചരിക്കില്ലെന്ന് തീരുമാനം എടുക്കുകയും നടപ്പില്‍ വരുത്താന്‍ തീവ്രപരിശ്രമം നടത്തുകയും ചെയ്യണം. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുക്കുകയും കോണ്‍ഗ്രസുകാരായ യാതൊരാളും അയിത്തം ആചരിക്കരുതെന്ന് നിര്‍ദേശിക്കുകയും പ്രമാണികളായ കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യത്തോടെ ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുകയും വേണം. അങ്ങനെ അയിത്തത്തിനെതിരായ വമ്പിച്ച ബഹുജനമുന്നണി കേരളത്തില്‍ ഉടന്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ ഈ പ്രക്ഷോഭം നാടുനീളെ സംഘടിപ്പിക്കാന്‍ ഒരുങ്ങിവരുകയാണ്. അതിന്റെ തുടക്കമായിട്ടാണ് ഈ ഫെബ്രുവരി 24ന് ഞായറാഴ്ച കണ്ണൂരില്‍ വെച്ചൊരു അയിത്തോച്ചാടനസമ്മേളനം നടത്തിയത്. അയിത്തത്തിനെതിരായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു''. ഇത്തരത്തില്‍ അയിത്തത്തിനെതിരായ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ടി സംസ്ഥാനത്താകമാനം ഇടപെട്ടു. ഇതിന്റെ തുടര്‍ച്ചയിലാണ് കൊച്ചിയിലെ പാലിയം ക്ഷേത്രത്തിലെ വഴികള്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ ഇടപെടലോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്.
കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം ചേര്‍ത്തായിരുന്നു ഈ പ്രക്ഷോഭം. സമരം ഉദ്ഘാടനംചെയ്തത് സഹോദരന്‍ അയ്യപ്പന്‍. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആ സമരത്തില്‍ സജീവമായി നിലകൊണ്ടു. പ്രക്ഷോഭം ഒരുഘട്ടം എത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത പല സംഘടനകളും പിന്മാറി. ഒരുഘട്ടത്തില്‍ എസ്എന്‍ഡിപി നേതൃത്വവും പിന്മാറി. എന്നാല്‍, ആ സംഘടനയ്ക്കുപിന്നില്‍ അണിനിരന്ന സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തോടൊപ്പം അടിയുറച്ച് നിന്നു. ഈ ഘട്ടത്തില്‍ എ കെ ജിതന്നെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കീഴാളജനവിഭാഗങ്ങള്‍ നേതൃത്വംനല്‍കിയ ഈ സമരത്തില്‍ മറ്റ് വിഭാഗങ്ങളെക്കൂടി പങ്കെടുപ്പിക്കാനുള്ള ആസൂത്രണം എ കെ ജിയുടെ നേതൃത്വത്തില്‍ നടന്നു. കൊടുങ്ങല്ലൂര്‍ കോവിലകത്തുനിന്നും അതുപോലുള്ള മേഖലകളില്‍നിന്നും സ്ത്രീകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുള്ള ശക്തമായ പ്രക്ഷോഭമായി പാലിയം സമരം മാറി. ഈ സമരത്തിലാണ് എ ജി വേലായുധന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ രക്തസാക്ഷിയായത്. അയിത്തത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ സംഘടിപ്പിച്ച പോരാട്ടത്തിലെ രക്തസാക്ഷിയാണ് എ ജി വേലായുധന്‍.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ രൂപീകരണവും വികാസവും ഒരു കാര്യം വ്യക്തമാക്കുന്നു. നിലവിലുള്ള ജാതിഘടനയും സവര്‍ണമേധാവിത്വവും അവര്‍ണര്‍ക്കിടയിലെ വളര്‍ന്നുവരുന്ന വിഭാഗങ്ങള്‍ക്ക് വിഘാതമായി. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തരം ജനവിഭാഗം ഈ അനീതിക്കെതിരെ രംഗത്തിറങ്ങി. സവര്‍ണര്‍ക്കിടയിലെ ഉല്‍പ്പതിഷ്ണുക്കളായ ചെറുവിഭാഗവും ഇത്തരം പോരാട്ടങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചു. ഇതെല്ലാം കാണിക്കുന്നത്, ഒട്ടേറ വിഭിന്നധാരകള്‍ കൂടിചേര്‍ന്നതാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം എന്നതാണ്. ഇതിന്റെ കേന്ദ്രസ്ഥാനത്ത് ശ്രീനാരായണദര്‍ശനം നിലകൊണ്ടു. അയ്യന്‍കാളിയുടേത് കേരളത്തിലെ സവിശേഷമായ പ്രസ്ഥാനമായിരുന്നു. സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെ പണിമുടക്കുവരെയുള്ള പ്രക്ഷോഭങ്ങളുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദളിത് വിദ്യാര്‍ഥികള്‍ സ്കൂളില്‍ പ്രവേശിക്കുന്നതിനെതിരെ സവര്‍ണമേധാവികള്‍ രംഗത്തുവന്നപ്പോള്‍ കര്‍ഷകത്തൊഴിലാളി പണിമുടക്ക് നടത്തിക്കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
കേരളത്തിലെ ഇത്തരം പോരാട്ടങ്ങളോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന പ്രശ്നം രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മുമ്പില്‍ ഉയര്‍ന്നുവന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയും ഇത്തരം സമരങ്ങളില്‍ സജീവമായി ഇടപെട്ടു. അവര്‍ണവിഭാഗങ്ങള്‍ നടത്തുന്ന ജാതിമേധാവിത്വത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ പിന്തുണ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനവും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയും നല്‍കി. തിരുവിതാംകൂര്‍ രാജാവ് പ്രഖ്യാപിച്ച ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന നിവര്‍ത്തനപ്രക്ഷോഭത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി പിന്തുണച്ചതും ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. മാത്രമല്ല, പില്‍ക്കാലത്ത് അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു.
ജാതി അനാചാരങ്ങള്‍ക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിനും വര്‍ഗപരമായ പ്രശ്നങ്ങള്‍കൂടി ഏറ്റെടുക്കുന്നതിനും പാര്‍ടി ഇടപെട്ടു. അടിസ്ഥാനജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ടി ഇടപെട്ട പലഘട്ടങ്ങളിലും എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളുടെ നേതൃത്വവുമായി ഏറ്റുമുട്ടേണ്ടി വന്നു. ആലപ്പുഴയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും ഐക്യകേരള മുദ്രാവാക്യവും ഉയര്‍ത്തി പാര്‍ടി നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരഘട്ടത്തില്‍ എസ്എന്‍ഡിപി നേതൃത്വം സര്‍. സി പിയോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
1957ലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജന്മിത്വത്തിന്റെയും അതിന്റെ ഭാഗമായുള്ള സവര്‍ണമേധാവിത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ അതിനെതിരെ വിമോചനസമരം ഉയര്‍ന്നുവന്നു. പിന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാക്കിയ ഈ സര്‍ക്കാരിനെതിരായിരുന്നു എസ്എന്‍ഡിപി നേതൃത്വം. എങ്കിലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ പാര്‍ടിക്കൊപ്പം നിലയുറച്ചു എന്നതുകൊണ്ടാണ് 1959ലെ തെരഞ്ഞെടുപ്പില്‍ മുമ്പത്തേക്കാള്‍ വോട്ടിന്റെ എണ്ണവും ശതമാനവും വര്‍ധിക്കുന്ന നിലയുണ്ടായത്.
സംവരണപ്രശ്നം ഉയര്‍ന്നപ്പോള്‍ പിന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ സമീപനം പാര്‍ടി സ്വീകരിച്ചു. സംവരണം നടപ്പാക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് പിന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെയാകണം എന്ന നിലപാട് പാര്‍ടി മുന്നോട്ടുവച്ചു. ആ വിഭാഗത്തില്‍ അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ ആ വിഭാഗത്തിലെ മുന്നോക്കത്തിനുതന്നെ നല്‍കാം എന്ന നയവും സ്വീകരിച്ചു. അതായത്, പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന; ശേഷം അതിലെ സമ്പന്നവിഭാഗത്തിനും. പിന്നോക്കവിഭാഗത്തിന് സംവരണത്തില്‍ ഒരു നഷ്ടവും ഇല്ലാതിരിക്കുകയും പാവപ്പെട്ടവന് പ്രഥമ പരിഗണനയും നല്‍കുന്ന വര്‍ഗപരമായ സമീപനം പാര്‍ടി സ്വീകരിച്ചു. മുന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കണം എന്ന സമീപനവും പാര്‍ടി സ്വീകരിച്ചു. ഹിന്ദുജനവിഭാഗത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നയമായിരുന്നു ഇത്. പിന്നോക്കവിഭാഗത്തിലെ പാവങ്ങള്‍ക്ക് ഉള്‍പ്പെടെ അനുകൂലമായ ഈ നയം സ്വീകരിക്കാന്‍ എസ്എന്‍ഡിപി നേതൃത്വം തയ്യാറായില്ല. ഹിന്ദു ഏകീകരണത്തിനുവേണ്ടി വാദിക്കുന്നവര്‍ ബിജെപി സര്‍ക്കാരിനെക്കൊണ്ട് മുന്നോക്കസമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനായി ഭരണഘടനാ ഭേദഗതി വരുത്തിക്കാന്‍ ആവശ്യപ്പെടുമോ? മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിലപാടെന്താണ്? എല്ലാവിധ സംവരണവും എടുത്തുകളയണമെന്ന ആര്‍എസ്എസ് കാഴ്ചപ്പാട് കഴിഞ്ഞദിവസം അതിന്റെ താത്വികാചാര്യന്‍ എ ജി വൈദ്യ ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിലപാടറിയാന്‍ കേരളജനതയ്ക്ക് താല്‍പ്പര്യമുണ്ട്.
സംവരണപ്രശ്നത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച ഈ ഘട്ടത്തിലും എസ്എന്‍ഡിപി നേതൃത്വവുമായി പാര്‍ടിക്ക് ഏറ്റുമുട്ടേണ്ടിവന്നു. ഈ ഘട്ടങ്ങളില്‍ അത്തരം സംഘടനകളില്‍ അണിനിരന്ന പാവപ്പെട്ടവന്റെ മുന്നില്‍ വന്ന ചോദ്യം ആരുടെ കൂടെ നില്‍ക്കണം എന്നതായിരുന്നു. സാമൂഹ്യ അവശതയുടെ പ്രശ്നം ഇത്തരം പ്രസ്ഥാനങ്ങള്‍ പറയുന്നുണ്ടെങ്കിലും സാമ്പത്തികമായ ആവശ്യങ്ങള്‍കൂടി മുന്നോട്ടുവയ്ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൂടെച്ചേരുക എന്ന സമീപനം അടിസ്ഥാനജനവിഭാഗം സ്വീകരിച്ചു. അങ്ങനെയാണ് എസ്എന്‍ഡിപിപോലുള്ള പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പാവപ്പെട്ടവര്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം അണിനിരന്നത്.
വര്‍ത്തമാനകാലത്ത് സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ടുപോകാനാണ്, ജാതീയതയ്ക്കെതിരെ പൊരുതിയ മഹത്തായ പാരമ്പര്യമുള്ള എസ്എന്‍ഡിപിയെ നയിക്കുന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ എങ്ങനെയാണ് പിന്നോക്കവിഭാഗങ്ങളെ കാണുന്നത് എന്നറിയാന്‍ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സംവരണത്തിന് ഈ സംഘടന എതിരാണ്. മനുഷ്യരെത്തന്നെ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവച്ചത്- "ബ്രാഹ്മണന്‍ തല, രാജാവ് ബാഹുക്കള്‍, വൈശ്യന്‍ ഊരുക്കള്‍, ശൂദ്രന്‍ പാദങ്ങളും'. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം ദളിത് വിഭാഗങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍പോലും ഇവര്‍ തയ്യാറാകുന്നില്ല എന്നതാണ്. ഇത്തരത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ കാണുന്നവരുമായാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്&ൃെൂൗീ;എന്ന് സിദ്ധാന്തിച്ച ശ്രീനാരായണ ദര്‍ശനത്തെ കൂട്ടിച്ചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്
കേരളത്തിലെ നവോത്ഥാന മുന്നേറ്റവും  വര്‍ത്തമാനകാല ചര്‍ച്ചകളും- 1
(അവസാനിക്കുന്നില്ല)