2015 സെപ്റ്റംബർ 5, ശനിയാഴ്‌ച

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും (1)

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും
by കോടിയേരി ബാലകൃഷ്ണന്‍ on 01-September-2015
നവോത്ഥാന മുന്നേറ്റവും  കമ്യൂണിസ്റ്റ് പാര്‍ടിയും

കേരളത്തിലെ നവോത്ഥാന മുന്നേറ്റവും  വര്‍ത്തമാനകാല ചര്‍ച്ചകളും - 2
വൈക്കം സത്യഗ്രഹശേഷവും ദേശീയപ്രസ്ഥാനം അയിത്തത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയി. സാമൂതിരിയുടെ ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുവിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തി. എന്നാല്‍, ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് 1931ല്‍ വടകരയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം അയിത്തോച്ചാടനം പ്രധാന മുദ്രാവാക്യമായി ഏറ്റെടുത്തത്. ഈ തീരുമാനത്തിന്റെ ഫലമായി 1931ല്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു. എ കെ ജിയായിരുന്നു വളന്റിയര്‍ ക്യാപ്റ്റന്‍. പി കൃഷ്ണപിള്ള സജീവമായി പങ്കെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിയടിച്ചതിന് കൃഷ്ണപിള്ളയ്ക്ക് ഭീകരമര്‍ദനമേറ്റു. എ കെ ജിയും കടുത്ത മര്‍ദനത്തിന് ഇരയായി.ഈ കാലഘട്ടത്തില്‍ ഗുരുവായൂര്‍ ഉള്‍പ്പെടുന്ന പൊന്നാനി താലൂക്കില്‍ സവര്‍ണഹിന്ദുക്കള്‍ക്കിടയില്‍ ഒറു റഫറണ്ടം നടത്തി. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി 15,568 പേരും പ്രതികൂലമായി 2778 പേരും അഭിപ്രായം രേഖപ്പെടുത്തി.
ഗുരുവായൂര്‍ സത്യഗ്രഹം സമൂഹത്തില്‍ ഉണ്ടാക്കിയ ചലനമാണ് ഇത് വ്യക്തമാക്കുന്നത്. എ കെ ജി ആത്മകഥയില്‍ എഴുതി- ""ഗുരുവായൂര്‍ സത്യഗ്രഹം ഒരു അഖിലേന്ത്യാ പ്രശ്നമായി മാറി. കേരളത്തിലെ പ്രധാനപത്രങ്ങള്‍ അതിനെപ്പറ്റി മുഖപ്രസംഗങ്ങള്‍ എഴുതി. അഖിലേന്ത്യാ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചു. പ്രസ്ഥാനത്തിന്റെ അല നാട്ടിലെമ്പാടും ഉയര്‍ന്നു. ഇതിനുമുമ്പ് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികള്‍ ഹരിജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജനങ്ങള്‍ ഹരിജനപ്രസ്ഥാനത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങി''.
ഗുരുവായൂര്‍ സത്യഗ്രഹം കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷം, 1937ലാണ് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. 1939ല്‍ പിണറായി പാറപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഏകദേശം ഒന്നടങ്കംതന്നെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറുകയായിരുന്നല്ലോ. ഇതിലെ സവിശേഷമായ ഒരു കാര്യം ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കടുത്ത മര്‍ദനമേറ്റ മൂന്നുപേരും- കൃഷ്ണപിള്ള, എ കെ ജി, മൊയ്യാരത്ത് ശങ്കരന്‍- കമ്യൂണിസ്റ്റ് പാര്‍ടിയിലാണ് ചേര്‍ന്നത് എന്നതാണ്. നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി എന്ന രീതിയിലുള്ള വികാസമാണ് ഉണ്ടായത്.
കമ്യൂണിസ്റ്റ് പാര്‍ടി എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം കേരളത്തിലെ മൊത്തം ജനതയ്ക്കും ലഭിച്ചിരുന്നില്ല. അത്തരം പ്രശ്നങ്ങളില്‍ പാര്‍ടി സജീവമായി ഇടപെട്ടു. തിരുവിതാംകൂറില്‍ നവോത്ഥാന പ്രസ്ഥാനങ്ങളാണ് ജാതീയമായ അവശതയുടെ പ്രശ്നങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ ഇടപെട്ടത്. ഇതില്‍നിന്ന് വ്യത്യസ്ത സമീപനമായിരുന്നു മലബാറില്‍. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളാണ് ആ ഉത്തരവാദിത്തം അവിടെ നിര്‍വഹിച്ചത്. മലബാറില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ക്ഷേത്രക്കുളങ്ങളില്‍ കുളിച്ച് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പ്രവര്‍ത്തനം മലബാര്‍ചരിത്രത്തിന്റെ ഭാഗമാണ്. മലബാറിലും ചില പ്രദേശങ്ങളില്‍ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉണ്ടായി. അതില്‍ എടുത്തുപറയേണ്ട പേരാണ് വാഗ്ഭടാനന്ദന്റേത്. തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ നാനാജാതിവിഭാഗങ്ങളെ അണിനിരത്തി കുളിക്കാന്‍ നേതൃത്വം നല്‍കിയത് സി എച്ച് കണാരനായിരുന്നു. തലശേരിപോലുള്ള സ്ഥലങ്ങളില്‍ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു. ശ്രീനാരായണഗുരു നടത്തിയ പ്രതിഷ്ഠയാണ് തലശേരി ശ്രീജഗന്നാഥക്ഷേത്രത്തിലേത്.
ആദ്യകാലത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാഗമായി മാറി. സി എച്ച് മുന്‍കൈയെടുത്ത് രൂപീകരിച്ച ശ്രീനാരായണ ബീഡിത്തൊഴിലാളി യൂണിയനാണ് പിന്നീട് തലശേരി ബീഡിത്തൊഴിലാളി യൂണിയനായി മാറിയത്. ശ്രീനാരായണഗുരുവിന്റെ തലശേരി സന്ദര്‍ശനവും അതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളും കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. മലബാര്‍ പ്രദേശം ശ്രീനാരായണദര്‍ശനത്തെക്കുറിച്ച് അറിയാത്തവരല്ല എന്നര്‍ഥം. മലബാറിലെ പാര്‍ടി നേതാക്കള്‍ക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അറിയില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ പൊള്ളത്തരം വ്യക്തമാക്കുന്നു ഈ ചരിത്രവസ്തുതകള്‍.
കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചശേഷം അയിത്തത്തിനും ജാതീയതയ്ക്കുമെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി. 1946 ആഗസ്തില്‍ ഇത് സംബന്ധിച്ച ഒരു പ്രമേയം കമ്യൂണിസ്റ്റ് പാര്‍ടി അവതരിപ്പിച്ചു. അയിത്തം നിയമവിരുദ്ധമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണമെന്ന് ആ പ്രമേയത്തില്‍ നിര്‍ദേശിച്ചു. അയിത്തജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരോടുള്ള വെറുപ്പിനെ ചൂഷണംചെയ്ത്് ഭിന്നിപ്പും അന്തഃഛിദ്രവും വളര്‍ത്തി എടുക്കുന്നതിനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നതെന്നും പ്രമേയം വ്യക്തമാക്കി. പട്ടികജാതി വിഭാഗങ്ങളുടെ പങ്കാളിത്തം സ്വാതന്ത്ര്യസമരത്തിന് അനിവാര്യമാണെന്ന കാര്യവും ആ രേഖ എടുത്തുപറഞ്ഞു.
തുടര്‍ന്ന് രേഖ ഇങ്ങനെ വ്യക്തമാക്കി- ""ഗവണ്‍മെന്റുനിയമം വരുന്നതിനുമുമ്പായി തന്നെ ബഹുജനസംഘടനകള്‍ അയിത്തം ആചരിക്കില്ലെന്ന് തീരുമാനം എടുക്കുകയും നടപ്പില്‍ വരുത്താന്‍ തീവ്രപരിശ്രമം നടത്തുകയും ചെയ്യണം. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുക്കുകയും കോണ്‍ഗ്രസുകാരായ യാതൊരാളും അയിത്തം ആചരിക്കരുതെന്ന് നിര്‍ദേശിക്കുകയും പ്രമാണികളായ കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യത്തോടെ ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുകയും വേണം. അങ്ങനെ അയിത്തത്തിനെതിരായ വമ്പിച്ച ബഹുജനമുന്നണി കേരളത്തില്‍ ഉടന്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ ഈ പ്രക്ഷോഭം നാടുനീളെ സംഘടിപ്പിക്കാന്‍ ഒരുങ്ങിവരുകയാണ്. അതിന്റെ തുടക്കമായിട്ടാണ് ഈ ഫെബ്രുവരി 24ന് ഞായറാഴ്ച കണ്ണൂരില്‍ വെച്ചൊരു അയിത്തോച്ചാടനസമ്മേളനം നടത്തിയത്. അയിത്തത്തിനെതിരായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു''. ഇത്തരത്തില്‍ അയിത്തത്തിനെതിരായ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ടി സംസ്ഥാനത്താകമാനം ഇടപെട്ടു. ഇതിന്റെ തുടര്‍ച്ചയിലാണ് കൊച്ചിയിലെ പാലിയം ക്ഷേത്രത്തിലെ വഴികള്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ ഇടപെടലോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്.
കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം ചേര്‍ത്തായിരുന്നു ഈ പ്രക്ഷോഭം. സമരം ഉദ്ഘാടനംചെയ്തത് സഹോദരന്‍ അയ്യപ്പന്‍. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആ സമരത്തില്‍ സജീവമായി നിലകൊണ്ടു. പ്രക്ഷോഭം ഒരുഘട്ടം എത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത പല സംഘടനകളും പിന്മാറി. ഒരുഘട്ടത്തില്‍ എസ്എന്‍ഡിപി നേതൃത്വവും പിന്മാറി. എന്നാല്‍, ആ സംഘടനയ്ക്കുപിന്നില്‍ അണിനിരന്ന സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തോടൊപ്പം അടിയുറച്ച് നിന്നു. ഈ ഘട്ടത്തില്‍ എ കെ ജിതന്നെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കീഴാളജനവിഭാഗങ്ങള്‍ നേതൃത്വംനല്‍കിയ ഈ സമരത്തില്‍ മറ്റ് വിഭാഗങ്ങളെക്കൂടി പങ്കെടുപ്പിക്കാനുള്ള ആസൂത്രണം എ കെ ജിയുടെ നേതൃത്വത്തില്‍ നടന്നു. കൊടുങ്ങല്ലൂര്‍ കോവിലകത്തുനിന്നും അതുപോലുള്ള മേഖലകളില്‍നിന്നും സ്ത്രീകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുള്ള ശക്തമായ പ്രക്ഷോഭമായി പാലിയം സമരം മാറി. ഈ സമരത്തിലാണ് എ ജി വേലായുധന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ രക്തസാക്ഷിയായത്. അയിത്തത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ സംഘടിപ്പിച്ച പോരാട്ടത്തിലെ രക്തസാക്ഷിയാണ് എ ജി വേലായുധന്‍.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ രൂപീകരണവും വികാസവും ഒരു കാര്യം വ്യക്തമാക്കുന്നു. നിലവിലുള്ള ജാതിഘടനയും സവര്‍ണമേധാവിത്വവും അവര്‍ണര്‍ക്കിടയിലെ വളര്‍ന്നുവരുന്ന വിഭാഗങ്ങള്‍ക്ക് വിഘാതമായി. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തരം ജനവിഭാഗം ഈ അനീതിക്കെതിരെ രംഗത്തിറങ്ങി. സവര്‍ണര്‍ക്കിടയിലെ ഉല്‍പ്പതിഷ്ണുക്കളായ ചെറുവിഭാഗവും ഇത്തരം പോരാട്ടങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചു. ഇതെല്ലാം കാണിക്കുന്നത്, ഒട്ടേറ വിഭിന്നധാരകള്‍ കൂടിചേര്‍ന്നതാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം എന്നതാണ്. ഇതിന്റെ കേന്ദ്രസ്ഥാനത്ത് ശ്രീനാരായണദര്‍ശനം നിലകൊണ്ടു. അയ്യന്‍കാളിയുടേത് കേരളത്തിലെ സവിശേഷമായ പ്രസ്ഥാനമായിരുന്നു. സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെ പണിമുടക്കുവരെയുള്ള പ്രക്ഷോഭങ്ങളുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദളിത് വിദ്യാര്‍ഥികള്‍ സ്കൂളില്‍ പ്രവേശിക്കുന്നതിനെതിരെ സവര്‍ണമേധാവികള്‍ രംഗത്തുവന്നപ്പോള്‍ കര്‍ഷകത്തൊഴിലാളി പണിമുടക്ക് നടത്തിക്കൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
കേരളത്തിലെ ഇത്തരം പോരാട്ടങ്ങളോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന പ്രശ്നം രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മുമ്പില്‍ ഉയര്‍ന്നുവന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയും ഇത്തരം സമരങ്ങളില്‍ സജീവമായി ഇടപെട്ടു. അവര്‍ണവിഭാഗങ്ങള്‍ നടത്തുന്ന ജാതിമേധാവിത്വത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ പിന്തുണ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനവും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയും നല്‍കി. തിരുവിതാംകൂര്‍ രാജാവ് പ്രഖ്യാപിച്ച ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന നിവര്‍ത്തനപ്രക്ഷോഭത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി പിന്തുണച്ചതും ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. മാത്രമല്ല, പില്‍ക്കാലത്ത് അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു.
ജാതി അനാചാരങ്ങള്‍ക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിനും വര്‍ഗപരമായ പ്രശ്നങ്ങള്‍കൂടി ഏറ്റെടുക്കുന്നതിനും പാര്‍ടി ഇടപെട്ടു. അടിസ്ഥാനജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ടി ഇടപെട്ട പലഘട്ടങ്ങളിലും എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളുടെ നേതൃത്വവുമായി ഏറ്റുമുട്ടേണ്ടി വന്നു. ആലപ്പുഴയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളും ഐക്യകേരള മുദ്രാവാക്യവും ഉയര്‍ത്തി പാര്‍ടി നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരഘട്ടത്തില്‍ എസ്എന്‍ഡിപി നേതൃത്വം സര്‍. സി പിയോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
1957ലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജന്മിത്വത്തിന്റെയും അതിന്റെ ഭാഗമായുള്ള സവര്‍ണമേധാവിത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ അതിനെതിരെ വിമോചനസമരം ഉയര്‍ന്നുവന്നു. പിന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാക്കിയ ഈ സര്‍ക്കാരിനെതിരായിരുന്നു എസ്എന്‍ഡിപി നേതൃത്വം. എങ്കിലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ പാര്‍ടിക്കൊപ്പം നിലയുറച്ചു എന്നതുകൊണ്ടാണ് 1959ലെ തെരഞ്ഞെടുപ്പില്‍ മുമ്പത്തേക്കാള്‍ വോട്ടിന്റെ എണ്ണവും ശതമാനവും വര്‍ധിക്കുന്ന നിലയുണ്ടായത്.
സംവരണപ്രശ്നം ഉയര്‍ന്നപ്പോള്‍ പിന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ സമീപനം പാര്‍ടി സ്വീകരിച്ചു. സംവരണം നടപ്പാക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് പിന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെയാകണം എന്ന നിലപാട് പാര്‍ടി മുന്നോട്ടുവച്ചു. ആ വിഭാഗത്തില്‍ അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ ആ വിഭാഗത്തിലെ മുന്നോക്കത്തിനുതന്നെ നല്‍കാം എന്ന നയവും സ്വീകരിച്ചു. അതായത്, പിന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന; ശേഷം അതിലെ സമ്പന്നവിഭാഗത്തിനും. പിന്നോക്കവിഭാഗത്തിന് സംവരണത്തില്‍ ഒരു നഷ്ടവും ഇല്ലാതിരിക്കുകയും പാവപ്പെട്ടവന് പ്രഥമ പരിഗണനയും നല്‍കുന്ന വര്‍ഗപരമായ സമീപനം പാര്‍ടി സ്വീകരിച്ചു. മുന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കണം എന്ന സമീപനവും പാര്‍ടി സ്വീകരിച്ചു. ഹിന്ദുജനവിഭാഗത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നയമായിരുന്നു ഇത്. പിന്നോക്കവിഭാഗത്തിലെ പാവങ്ങള്‍ക്ക് ഉള്‍പ്പെടെ അനുകൂലമായ ഈ നയം സ്വീകരിക്കാന്‍ എസ്എന്‍ഡിപി നേതൃത്വം തയ്യാറായില്ല. ഹിന്ദു ഏകീകരണത്തിനുവേണ്ടി വാദിക്കുന്നവര്‍ ബിജെപി സര്‍ക്കാരിനെക്കൊണ്ട് മുന്നോക്കസമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനായി ഭരണഘടനാ ഭേദഗതി വരുത്തിക്കാന്‍ ആവശ്യപ്പെടുമോ? മുന്നോക്കത്തിലെ പിന്നോക്കത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിലപാടെന്താണ്? എല്ലാവിധ സംവരണവും എടുത്തുകളയണമെന്ന ആര്‍എസ്എസ് കാഴ്ചപ്പാട് കഴിഞ്ഞദിവസം അതിന്റെ താത്വികാചാര്യന്‍ എ ജി വൈദ്യ ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിലപാടറിയാന്‍ കേരളജനതയ്ക്ക് താല്‍പ്പര്യമുണ്ട്.
സംവരണപ്രശ്നത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച ഈ ഘട്ടത്തിലും എസ്എന്‍ഡിപി നേതൃത്വവുമായി പാര്‍ടിക്ക് ഏറ്റുമുട്ടേണ്ടിവന്നു. ഈ ഘട്ടങ്ങളില്‍ അത്തരം സംഘടനകളില്‍ അണിനിരന്ന പാവപ്പെട്ടവന്റെ മുന്നില്‍ വന്ന ചോദ്യം ആരുടെ കൂടെ നില്‍ക്കണം എന്നതായിരുന്നു. സാമൂഹ്യ അവശതയുടെ പ്രശ്നം ഇത്തരം പ്രസ്ഥാനങ്ങള്‍ പറയുന്നുണ്ടെങ്കിലും സാമ്പത്തികമായ ആവശ്യങ്ങള്‍കൂടി മുന്നോട്ടുവയ്ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൂടെച്ചേരുക എന്ന സമീപനം അടിസ്ഥാനജനവിഭാഗം സ്വീകരിച്ചു. അങ്ങനെയാണ് എസ്എന്‍ഡിപിപോലുള്ള പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട പാവപ്പെട്ടവര്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം അണിനിരന്നത്.
വര്‍ത്തമാനകാലത്ത് സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ടുപോകാനാണ്, ജാതീയതയ്ക്കെതിരെ പൊരുതിയ മഹത്തായ പാരമ്പര്യമുള്ള എസ്എന്‍ഡിപിയെ നയിക്കുന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ എങ്ങനെയാണ് പിന്നോക്കവിഭാഗങ്ങളെ കാണുന്നത് എന്നറിയാന്‍ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സംവരണത്തിന് ഈ സംഘടന എതിരാണ്. മനുഷ്യരെത്തന്നെ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവച്ചത്- "ബ്രാഹ്മണന്‍ തല, രാജാവ് ബാഹുക്കള്‍, വൈശ്യന്‍ ഊരുക്കള്‍, ശൂദ്രന്‍ പാദങ്ങളും'. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരുകാര്യം ദളിത് വിഭാഗങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍പോലും ഇവര്‍ തയ്യാറാകുന്നില്ല എന്നതാണ്. ഇത്തരത്തില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ കാണുന്നവരുമായാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്&ൃെൂൗീ;എന്ന് സിദ്ധാന്തിച്ച ശ്രീനാരായണ ദര്‍ശനത്തെ കൂട്ടിച്ചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്
കേരളത്തിലെ നവോത്ഥാന മുന്നേറ്റവും  വര്‍ത്തമാനകാല ചര്‍ച്ചകളും- 1
(അവസാനിക്കുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ