കാവിപുതയ്ക്കില്ല യോഗം
ശ്രീനാരായണ ദര്‍ശനത്തെയും ഗുരുവിന്റെ ജീവിതസന്ദേശത്തെയും ഒരു വര്‍ഗീയതയുടെയും തൊഴുത്തില്‍ കൊണ്ടുകെട്ടാനാകില്ല എന്ന് അഡ്വ. കെ ഗോപിനാഥ് സുദൃഢമായി വ്യക്തമാക്കുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന, സീനിയര്‍ നേതാവായ അദ്ദേഹം യോഗനേതൃത്വത്തിന്റെ ഇന്നത്തെ പോക്കില്‍ അതൃപ്തനാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശമാണ് ശ്രീനാരായണ ഗുരുവിന്റെ മതദര്‍ശനത്തിന്റെ കാതല്‍. ആ ദര്‍ശനത്തെ ശത്രുപക്ഷത്തുനിര്‍ത്തുന്നവരുമായി ശ്രീനാരായണീയര്‍ക്ക് യോജിപ്പിന്റെ വഴികളില്ല. വര്‍ഗീയവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ നേരിട്ടും തോല്‍പ്പിച്ചുമാണ് ശ്രീനാരായണപ്രസ്ഥാനങ്ങള്‍ ഗുരുവിന്റെ വിശ്വോത്തര ദര്‍ശനത്തിന്റെ പതാക ഉയര്‍ത്തി മുന്നേറിയത്. ആ ചരിത്രം അറിയാത്ത പുതുനേതൃത്വം ഇന്നു കാണിക്കുന്നത് വിവരക്കേടുകൊണ്ടുള്ള കോപ്രായങ്ങളാണ്- കായംകുളത്തിനടുത്ത് ദേവികുളങ്ങരയിലെ വസതിയില്‍ ദേശാഭിമാനിയുമായി സംസാരിക്കവെ അഡ്വ. ഗോപിനാഥ് പറഞ്ഞു. ശ്രീനാരായണ ഗുരുവിനുമുമ്പുള്ള പ്രാകൃതമായ അവസ്ഥയിലേക്കാണ് യോഗത്തെ ഇന്നത്തെ നേതൃത്വം വലിച്ചുകൊണ്ടുപോകുന്നതെന്നും ഓരോ ശ്രീനാരായണീയനും ജാഗ്രതയോടെ ഇത് കാണണമെന്നും വെള്ളാപ്പള്ളി നടേശന് തൊട്ടുമുമ്പ് യോഗത്തെ നയിച്ച അദ്ദേഹം അഭിപ്രായപ്പെടുന്നു.
എസ്എന്‍ഡിപിയില്‍ പല മതക്കാരുമുണ്ട്. നേരത്തെതന്നെ അതുണ്ട്. ശ്രീനാരായണഗുരു ഒരു മതത്തിനും ഒരു ജാതിക്കും വേണ്ടിമാത്രം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആളല്ല. എസ്എന്‍ഡിപിയില്‍ ഇടപെടാന്‍ ഈഴവനല്ലാതെ മറ്റൊരാള്‍ക്കും അവകാശമില്ല എന്നുപറയുന്നത് വങ്കത്തമാണ്. ആദ്യകാലം ഈഴവരാദി പിന്നോക്കവിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങളും പ്രയാസങ്ങളും നേരിട്ടുകണ്ട് അവ പരിഹരിക്കാന്‍ ഒരു സംഘടന ഉണ്ടാക്കണമെന്ന് ഡോ. പല്‍പ്പുവാണ് ഗുരുദേവനോട് ആവശ്യപ്പെടുന്നത്. എല്ലാ ജാതിയിലും മതത്തിലുംപെട്ട ആളുകളെ തുടക്കത്തില്‍ അതിനകത്ത് കൊണ്ടുവരാന്‍ കഴിയില്ല. സ്വാമി വിവേകാനന്ദന്റെ ഉപദേശപ്രകാരമാണല്ലോ ഡോ. പല്‍പ്പു ഇതിന് തുനിഞ്ഞതുതന്നെ. ഈഴവരുടെ സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നീക്കം പി കെ മാധവന്‍ മുതലായവരില്‍നിന്ന് ഉണ്ടായപ്പോള്‍ ഗുരുദേവന്‍തന്നെ അതില്‍നിന്ന് പരസ്യമായി വിട്ടുനിന്നു. അദ്ദേഹമായിരുന്നല്ലോ ആദ്യകാലത്ത് അതിന്റെ പ്രസിഡന്റ്. ആ സമയത്ത് ഗുരുദേവന്‍ അധ്യക്ഷസ്ഥാനത്ത് ഇരിക്കാറില്ലായിരുന്നു. എവിടെയെങ്കിലും മാറിനില്‍ക്കും. 17 വര്‍ഷം ഗുരുദേവന്‍ പ്രസിഡന്റായിരുന്നു. 17-ാം വര്‍ഷം വാര്‍ഷിക പൊതുയോഗം നടക്കുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ ഗുരുദേവന്‍ വരണം എന്ന് അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജാത്യാചാരം വര്‍ധിച്ചുവരുന്നതായി കാണുന്നു. നമുക്ക് യോജിച്ചുപോകാന്‍ കഴിയില്ല എന്നാണ് അന്ന് ഗുരു പറഞ്ഞത്. ആ എസ്എന്‍ഡിപി എങ്ങനെ ഈഴവരുടെ മാത്രം സംഘടനയാകും? ആ ചരിത്രം നടേശന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
? ശ്രീനാരായണ ഗുരുവും മഹാകവി കുമാരനാശാനും മുതല്‍ താങ്കള്‍വരെയുള്ള യോഗത്തിന്റെ പഴയകാല നേതൃത്വവും പുതിയ നേതൃത്വവും എങ്ങനെ വ്യത്യാസപ്പെടുന്നു.

 അതിന് മറുപടി പറയേണ്ടതും ആത്യന്തികമായി വിധിയെഴുതേണ്ടതും പൊതുജനങ്ങളാണ്. അങ്ങനെയാണ് യോഗത്തില്‍ ഇതഃപര്യന്തം ഇരുന്ന നേതാക്കന്മാര്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. യോഗം വിദ്യാഭ്യാസമേഖലയില്‍ വിപുലമായി പ്രവേശിക്കുന്നത് ആര്‍ ശങ്കറിന്റെ കാലത്താണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുദേവ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണത്. ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ച ശങ്കര്‍ കൊല്ലത്ത് എസ്എന്‍ കോളേജ് തുടങ്ങി. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായും മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസമന്ത്രിയായിരിക്കെ എസ്എന്‍ഡിപിക്ക് കോളേജുകള്‍ അനുവദിച്ചു. നടേശന്‍ പറയുന്നതുപോലെയല്ല, എല്ലാവര്‍ക്കും അന്ന് കോളേജുകള്‍ കൊടുത്തിട്ടുണ്ട്. അതിന് ജാതിമത വ്യത്യാസം നോക്കിയിട്ടില്ല. അന്നൊന്നും ആരും ജാതി പറഞ്ഞിട്ടില്ല. അഹന്തയാണ് പുതിയ നേതൃത്വത്തിന്റെ മുഖമുദ്ര. അതാകട്ടെ, വിവരദോഷത്തിന്റെ ഉല്‍പ്പന്നമാണ്. സഹതാപാര്‍ഹവുമാണത്. മറ്റുള്ളവര്‍ക്ക് ഒന്നും അറിയില്ല എന്നുപറയുമ്പോള്‍ പറയുന്നയാള്‍ക്ക് അതേക്കുറിച്ച് സാമാന്യധാരണ ഉണ്ടാകണമല്ലോ. പൂര്‍ണമായി എസ്എന്‍ഡിപി എന്ന് എഴുതാന്‍തന്നെ അദ്ദേഹം ഈ അടുത്തകാലത്താകും പഠിച്ചിട്ടുണ്ടാവുക.
? ആര്‍ ശങ്കര്‍ എസ്എന്‍ഡിപിയെ ഹിന്ദുവര്‍ഗീയശക്തിയാക്കാന്‍ പരിശ്രമിച്ചിട്ടില്ലേ.

ഉവ്വ്. എസ്എന്‍ഡിപിയും എന്‍എസ്എസും ചേര്‍ന്ന ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത് അത്തരമൊരു ശ്രമമായിരുന്നു. അന്ന് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ബഹളമായിരുന്നു. കോണ്‍ഗ്രസിനെയാണ് അവര്‍ നാട്ടിലാകെ നടന്ന് ആക്ഷേപിച്ച് പ്രസംഗിച്ചത്. ആറുമാസത്തില്‍ കൂടുതല്‍ അത് നിന്നില്ല. അത് പിന്നീട് ഡെമോക്രാറ്റിക് കോണ്‍ഗ്രസായി. ഒടുവില്‍ അതിലെ ചിലരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആര്‍ ശങ്കര്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യം ഇപ്പോള്‍ ആരെങ്കിലും ചെയ്തുകളയും എന്ന് കരുതിയാല്‍ വിഡ്ഢിത്തം എന്നേ പറയാനാകൂ. എസ്എന്‍ഡിപിയെ വര്‍ഗീയതയില്‍ തളച്ചിടാനുള്ള ഒരു നീക്കവും ഒരിക്കലും വിജയിച്ചിട്ടില്ല. അത് ശങ്കറിന്റെ കാലത്തുതന്നെ തെളിഞ്ഞതാണ്. ആര്‍ ശങ്കറും മന്നത്ത് പത്മനാഭനും അതിശക്തരായ നേതാക്കളായിരുന്നു. അവര്‍ പെട്ടെന്നുതന്നെ തങ്ങളുടെ നീക്കം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് തിരുത്തി.
? ആര്‍ ശങ്കര്‍ ആര്‍എസ്എസുമായി സഹകരിച്ചിട്ടില്ലേ.

ശങ്കര്‍ സാറും കൊല്ലത്തെ ഗോപാലന്‍ മുതലാളിയും അത്തരം നീക്കം നടത്തിയിട്ടുണ്ട്. ശങ്കറിന്റെ അടുത്ത അനുയായിയായിരുന്ന ഗോപാലന്‍ മുതലാളി ആര്‍എസ്എസിന്റെ പ്രമുഖനായിരുന്നു. എന്നിട്ടുപോലും എസ്എന്‍ഡിപിയെ ആര്‍എസ്എസിനോട് അടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പണവും അധികാരവും അതിന്റെ ഭാഗമായ മറ്റ് സ്വാധീനങ്ങളും ഉള്ള അവര്‍ അതില്‍നിന്ന് പിന്മാറിയത് വിവേകമുള്ളതുകൊണ്ടാണ്. ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. യോഗനേതൃത്വത്തില്‍ അനവധി കോണ്‍ഗ്രസുകാരുണ്ടായിരുന്നു. അവരൊന്നും എസ്എന്‍ഡിപി യോഗത്തെ കോണ്‍ഗ്രസിനകത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടില്ല. അതിനു കഴിയുകയുമില്ല. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ നടന്ന ഒരു തെരഞ്ഞെടുപ്പില്‍ യോഗത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അന്ന് അതിനായി ഇടപെടാന്‍ എന്നോട് ആവശ്യപ്പെട്ടു. അത് പ്രായോഗികമല്ല എന്നായിരുന്നു എന്റെ മറുപടി. യോഗംപോലൊരു പ്രസ്ഥാനത്തെ രാഷ്ട്രീയപാര്‍ടിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യോഗത്തില്‍ത്തന്നെ വിള്ളലുണ്ടാവുകയാണ് ചെയ്യുക. അത് ശ്രീനാരായണ താല്‍പ്പര്യങ്ങള്‍ക്കും സംഘടനയ്ക്കും ഗുണം ചെയ്യുന്നതാവില്ല. ഒടുവില്‍ യോഗത്തിലെ ആരെയെങ്കിലും കോണ്‍ഗ്രസ് ബാനറില്‍ അസംബ്ലിയിലേക്ക് മത്സരിപ്പിക്കണം എന്ന നിര്‍ദേശം വന്നു. ഡോ. രാഹുലന്‍ അന്ന് പ്രസിഡന്റാണ്. അദ്ദേഹമടക്കം രണ്ടുപേരെ മത്സരിപ്പിച്ചു. രണ്ടുപേരും തോറ്റു. അന്ന് ആ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 25,000 രൂപ വീതം എസ്എന്‍ഡിപി യോഗം നല്‍കിയിരുന്നു. അതല്ലാതെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഒരു കാര്യവും നടത്തിയില്ല.
? നേതൃത്വത്തിന്റെ രാഷ്ട്രീയ അഭിപ്രായത്തിനുസരിച്ച് അണികളെ കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടോ.

യോഗത്തിന്റെ അണികളില്‍ ഗണ്യമായ വിഭാഗം ഇടതുപക്ഷരാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരാണ്. നേതൃത്വത്തില്‍ ഇതര രാഷ്ട്രീയ ചായ്വുള്ളവര്‍ ഉള്ളപ്പോഴും അവര്‍ അഭിപ്രായം മാറ്റിയിട്ടില്ല. അവരവര്‍ക്ക് താല്‍പ്പര്യമുള്ള രാഷ്ട്രീയം, വിശ്വാസം- അതാണ് യോഗത്തിന്റെ രീതി. തഴവാ കേശവനും ആര്‍ ശങ്കറും തമ്മില്‍ ഉണ്ടായ വൈരുധ്യം ഓര്‍ക്കാതിരിക്കുന്നില്ല. എസ്ആര്‍പി എന്ന രാഷ്ട്രീയപാര്‍ടി യുഡിഎഫുമായാണ് തുടക്കംമുതല്‍ ഒടുക്കംവരെ ഒത്തുനിന്നത്. ആ പാര്‍ടി വിജയം വരിക്കാത്തതിന്റെ കാരണവും യോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്. യോഗത്തെ ആര്‍ക്കും ഗുരുദേവ ദര്‍ശനത്തില്‍നിന്ന് ഭിന്നമായ വഴിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. രാഷ്ട്രീയത്തിന്റെ അടിത്തറ ആദര്‍ശങ്ങളാണ്. ജാതിയുടെയോ മതത്തിന്റെയോ മേല്‍ രാഷ്ട്രീയം കെട്ടിപ്പൊക്കിയാല്‍ അത് പൊളിഞ്ഞുവീഴുകയേ ഉള്ളൂ. ശ്രീനാരായണ ഗുരു, കുമാരനാശാന്‍ തുടങ്ങിയവരില്‍നിന്ന് വെള്ളാപ്പള്ളി നടേശനില്‍ എത്തിനില്‍ക്കുന്ന എസ്എന്‍ഡിപി നേതൃത്വം യോഗത്തിന്റെ ഇന്നുവരെയില്ലാത്ത ഒരു മുഖമാണ് കാണിക്കുന്നത്. നടേശന്‍ യോഗത്തെ പിന്നിലേക്കാണ് നയിക്കുന്നത്. യോഗം ഇന്ന് ഒരു ജനാധിപത്യസംഘടന അല്ലാതായി. അംഗങ്ങളുടെ അഭിപ്രായത്തിന് വിലയില്ല. സാധാരണ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ശാഖായോഗത്തിന്റെ, യൂണിയന്റെ നേതാക്കളും അവരുടെ പ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന യോഗനേതൃത്വവുമാണ് ഉണ്ടാവുക. ഇപ്പോള്‍ നടേശന്‍ തീരുമാനിക്കുന്നവരാണ് നേതാക്കള്‍. ലിസ്റ്റ് തയ്യാറാക്കി അയച്ചുകൊടുത്ത് ആളുകളെ വിളിച്ചുവരുത്തി തന്നെത്തന്നെ നേതാവായി പ്രഖ്യാപിക്കുകയാണ്. അതിനെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു. ഗുണ്ടായിസമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അംശം പൂര്‍ണമായി ഇല്ലാതാക്കി നേതാവിന്റെ തന്നിഷ്ടപ്രകാരം ചലിക്കുന്ന യന്ത്രമാക്കി യോഗത്തെ മാറ്റി നടേശന്‍.
? അങ്ങനെ എസ്എന്‍ഡിപിയില്‍ ആക്ഷേപമുണ്ടോ. എന്തുകൊണ്ടാണ് വെള്ളാപ്പള്ളിക്ക് അത് കഴിയുന്നത്.

ഇതിനുള്ള ഉത്തരം എസ്എന്‍ഡിപിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും അതിന്റെ നടത്തിപ്പുമാണ്. കോളേജുകളിലെ നിയമനവും അഡ്മിഷനും ഇവര്‍ പറയുന്ന ഈഴവര്‍ക്ക് ഒരു പരിഗണനയുമില്ലാത്തതാണ്. പണമാണ് രാജാവ്. സംഘടന ജനാധിപത്യവിരുദ്ധമായി സ്വന്തം കൈയില്‍ ഒതുക്കാനും ആ പണം ഉപയോഗിക്കുന്നു.
? ഗുരുദേവന്‍ ഹിന്ദുക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടില്ലേ.
എന്താണ് സംശയം. ഗുരു ഒന്നു പൊളിച്ച് മറ്റൊരു ക്ഷേത്രം ഉണ്ടാക്കുകയല്ല ചെയ്തത്. നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരായ സമരമാണ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ നടത്തിയത്. ഇപ്പോള്‍ വെള്ളാപ്പള്ളി മഹത്വവല്‍ക്കരിക്കുന്ന ആര്‍എസ്എസ് മറ്റു ചിലരുടെ ദേവാലയങ്ങള്‍ പൊളിച്ചുമാറ്റി സ്വന്തമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. അത് ഗുരുദര്‍ശനമല്ല. ആര്‍എസ്എസ് പറയുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഈഴവനില്ല. മനുസ്മൃതി അനുസരിച്ച് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനുമാണുള്ളത്. ഇതില്‍ ഈഴവര്‍ക്ക് സ്ഥാനമില്ല. അത് ഗുരു തിരിച്ചറിഞ്ഞിരുന്നു. നടേശന് അത്തരം തിരിച്ചറിവുകള്‍ ഇല്ലാത്തതുകൊണ്ടാണല്ലോ അദ്ദേഹം ഇങ്ങനെയായത്. "ഹിന്ദുമതവിശ്വാസികളായ ചിലര്‍ നമ്മെ സമീപിച്ച് അവരുടെ മതത്തിലെ ചില ബുദ്ധിമുട്ടുകള്‍ അറിയിച്ചു. അതിന് പരിഹാരമായി നാം ചിലതു ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുപോലെ ക്രിസ്ത്യാനികളോ മൊഹമ്മദീയരോ നമ്മെ സമീപിച്ചാല്‍ നമ്മാലാവുന്നത് അവര്‍ക്കുവേണ്ടിയും ചെയ്യുന്നതാണ്' -എന്നാണ് ഗുരു പറഞ്ഞത്. പല മതസാരവുമേകം എന്നാണ് ഗുരുവിന്റെ ദര്‍ശനം; എന്റെ മതം മാത്രം ഉല്‍ക്കൃഷ്ടം എന്നല്ല.
? വെള്ളാപ്പള്ളിയും കുടുംബവും പീഡിപ്പിക്കപ്പെടുന്നു എന്നാണ് അദ്ദേഹം പരിതപിക്കുന്നത്.

നിലനില്‍പ്പിനുവേണ്ടി പറയുന്നതാണത്. വെള്ളാപ്പള്ളിയെ ഞാന്‍ എതിര്‍ക്കാന്‍ പോയോ. ഇല്ലല്ലോ. വിമര്‍ശങ്ങള്‍ യോഗത്തിനോ അതിന്റെ നേതൃത്വത്തിനോ എതിരല്ല. അതില്‍ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കും എതിരാണ്. ഗുരുദേവനില്ലെങ്കില്‍ എസ്എന്‍ഡിപി യോഗമില്ല. ഗുരുദേവന്റെ ചിത്രവും ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന എഴുത്തുമില്ലെങ്കില്‍ വെള്ളാപ്പള്ളിക്ക് ഇങ്ങനെ നടക്കാന്‍ കഴിയുമോ? ആരെങ്കിലും ശ്രദ്ധിക്കുമോ? എല്ലാത്തിനും മുന്നില്‍ ഗുരുദേവനാണെന്ന വിശ്വാസമാണ് എസ്എന്‍ഡിപിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. നടേശന്റെയോ എന്റെയോ എം കെ രാഘവന്റെയോ കെ കെ വിശ്വനാഥന്റെയോ മിടുക്കുകൊണ്ടല്ല അത്. ആ ഗുരുദേവന്റെ പിന്നില്‍ നടക്കുന്നവര്‍ ഗുരുദര്‍ശനങ്ങളെ തള്ളിക്കളയുന്നവരാകരുത്. അതാണ് ഞങ്ങള്‍ കാണുന്നത്. നടേശന്‍ നേതൃത്വത്തില്‍ വരുന്ന '96ന് മുമ്പ് യോഗവും എസ്എന്‍ ട്രസ്റ്റും വലിയതോതില്‍ വളര്‍ന്നിരുന്നു.
ഇന്ന് നടേശനാണ് വളരുന്നത്. യോഗത്തിന്റെ വളര്‍ച്ച മുരടിച്ചു. അതിന്റെ കാരണങ്ങള്‍ യോഗത്തെ സ്നേഹിക്കുന്നവര്‍ അന്വേഷിക്കും. കണ്ടെത്തിയത് വിളിച്ചുപറയുകയും ചെയ്യും. യോഗത്തെയും ശ്രീനാരായണ സ്ഥാപനങ്ങളെയും കുടുംബസ്വത്താക്കാനും കുടുംബാംഗങ്ങളെയാകെ യോഗനേതാക്കളായി പട്ടാഭിഷേകം ചെയ്യാനുമാണ് നടേശന്റെ താല്‍പ്പര്യം. തനിക്കും മകനും സ്ഥാനമാനങ്ങള്‍ പിടിച്ചുവാങ്ങാന്‍ യോഗത്തെ ജാമ്യവസ്തുവാക്കുകയാണ്. അതിനെതിരെ വിമര്‍ശം വരുമ്പോള്‍ പീഡിപ്പിക്കുന്നേ എന്ന് വിലപിച്ചിട്ടു കാര്യമില്ല. '96ന് മുമ്പുണ്ടായ നേട്ടങ്ങളുടെ പലിശകൊണ്ടാണ് നടേശന്‍ ഇന്ന് ആര്‍ഭാടം കാണിക്കുന്നത്. അത് മറന്നുപോകരുത്.എസ്എന്‍ഡിപി യോഗം നിലനില്‍ക്കണമെന്നും വളരണമെന്നും ശ്രീനാരായണീയര്‍ക്കാകെ താല്‍പ്പര്യമുണ്ട്. ആ ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്നത് ഇന്നത്തെ യോഗനേതൃത്വമാണ്. നടേശന്‍ നേതാവ്, ഭാര്യ വനിതാ നേതാവ്, മകന്‍ വൈസ് പ്രസിഡന്റ്, ബന്ധുക്കള്‍ ട്രസ്റ്റ് ഭാരവാഹികള്‍- ഭാര്യയും മകനും അനന്തരവന്മാരും അളിയന്മാരും ചേര്‍ന്ന സംഘമാക്കി യോഗത്തെ മാറ്റിയവരെ ജനം തിരിച്ചറിയില്ല എന്ന് കരുതുന്നതാണ് കുഴപ്പം. അത് ആരെങ്കിലും വിളിച്ചുപറയുമ്പോള്‍ വേട്ടയാടലാണോ? പൊതുയോഗങ്ങള്‍ക്ക് ചെന്നാല്‍ ഇന്ന് അഭിപ്രായം പറയാനൊക്കുമോ? ആരെങ്കിലും പറയാന്‍ തയ്യാറായാല്‍ ഇരിക്കെടാ എന്നുപറയാന്‍ ഗുണ്ടകളുണ്ട്. അതാണ് യോഗത്തിന്റെ ഇന്നത്തെ സ്ഥിതി. എസ്എന്‍ഡിപി യോഗത്തിന് ജനാധിപത്യപരമായ നേതൃത്വം ഉണ്ടാകാന്‍ പര്യാപ്തമായ പുതിയ ഭരണഘടന വരുന്നതുപോലും നടേശന്‍ പേടിക്കുന്നു. അതിനെതിരെ കോടതിയില്‍ വാദിക്കുന്നു. ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടേ.
? ഈഴവ താല്‍പ്പര്യം വെള്ളാപ്പള്ളി സംരക്ഷിക്കുന്നില്ലേ.

22 കോളേജുണ്ട് യോഗത്തിന്. ഓരോ കുട്ടിയെ പ്രവേശിപ്പിക്കാനും ലക്ഷക്കണക്കിന് രൂപ വാങ്ങുന്ന കോഴ്സുകളുണ്ട്. എല്ലായിടത്തും രണ്ടുലക്ഷം വാങ്ങുമ്പോള്‍ പാവപ്പെട്ട ഈഴവ വിദ്യാര്‍ഥിക്ക് ഒരുലക്ഷത്തിന് സീറ്റ് കൊടുക്കാം എന്ന് നടേശന്‍ പറയുമോ? അങ്ങനെ ചെയ്തിട്ടുണ്ടോ? വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നുപറഞ്ഞ ഗുരുദേവനെ മുന്‍നിര്‍ത്തി കച്ചവടമല്ലേ നടത്തുന്നത്? ഈ സ്ഥാപനങ്ങള്‍ കൊണ്ടൊക്കെ പ്രമാണിമാര്‍ക്കല്ലാതെ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഒരു പ്രയോജനം പ്രത്യേകമായി നല്‍കാന്‍ നടേശന് താല്‍പ്പര്യമുണ്ടോ? പിന്നെ എങ്ങനെയാണ് ഈഴവതാല്‍പ്പര്യം സംരക്ഷിക്കുന്നു എന്നുപറയുന്നത്? പല ജാതിക്കാര്‍ അഡ്മിഷന് ചെന്നാല്‍ കൂടുതല്‍ കാശ് കൊടുക്കാന്‍ തയ്യാറാകുന്ന ആള്‍ക്കാണ് നടേശന്റെ മുന്നില്‍ പരിഗണന. അത് ഈഴവസ്നേഹം കൊണ്ടാണോ?
? യോഗത്തിന്റെ സ്വഭാവം വെള്ളാപ്പള്ളി മാറ്റിയിട്ടുണ്ടോ.

അതാണല്ലോ ഇതുവരെ പറഞ്ഞത്. യോഗംഅണികളെ തന്റെ സ്വാര്‍ഥതാല്‍പ്പര്യത്തില്‍ കുരുക്കിയിടാന്‍ നടേശന്‍ പലതരത്തിലുള്ള ശ്രമവും നടത്തിയിട്ടുണ്ട്. മൈക്രോഫിനാന്‍സിന്റെയും മുട്ടിപ്പാട്ടിന്റെയും മറ്റും ബലത്തില്‍ തനിക്ക് അങ്ങനെ കഴിയും എന്നത് നടേശന്റെ വ്യാമോഹം മാത്രമാണ്. പലിശയ്ക്ക് പണം കൊടുക്കുന്നത് ഒരു മഹത്തായ പ്രവര്‍ത്തനമാണോ? പണമിടപാടു കൊണ്ട് ആളുകള്‍ കടക്കാരാവുകയല്ലാതെ രക്ഷപ്പെടില്ല. കടം നല്‍കുന്നവര്‍ പറയുന്നതുപോലെ കടക്കാര്‍ കേള്‍ക്കും എന്നാണെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചാല്‍ ഇതിലും വലിയ രാഷ്ട്രീയപാര്‍ടി ഉണ്ടാകില്ലേ? അതൊക്കെ പമ്പരവിഡ്ഢിത്തങ്ങള്‍ മാത്രമാണ്.
? വെള്ളാപ്പള്ളി നടേശന്‍ വിചാരിച്ചാല്‍ രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ കഴിയില്ല എന്നാണോ.

എസ്എന്‍ഡിപിക്ക് ഏറ്റവുമധികം സ്വാധീനമുള്ള മേഖലയാണ് നടേശന്റെ ജന്മനാടുകൂടിയായ ആലപ്പുഴ ജില്ല. അവിടെ വി എം സുധീരനെ തോല്‍പ്പിക്കണമെന്ന് നടേശന്‍ ആഹ്വാനംചെയ്യുകയും അതിനുവേണ്ടി വലിയതോതില്‍ അധ്വാനിക്കുകയും ചെയ്തത് ആരും മറന്നിട്ടില്ല. അന്ന് വെള്ളാപ്പള്ളി എതിര്‍ത്ത സുധീരന്‍ വന്‍തോതില്‍ വിജയിച്ചു. പിന്നെ പിണക്കംമാറ്റി ആലപ്പുഴയില്‍ സുധീരനെ ജയിപ്പിക്കണമെന്ന് നടേശന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതും നാം കണ്ടു. അന്ന് സുധീരനെ ജനങ്ങള്‍ തോല്‍പ്പിച്ചു. നടേശന് രാഷ്ട്രീയസ്വാധീനം ചെലുത്താന്‍ എത്ര ശേഷിയുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
? മലബാറിലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് എസ്എന്‍ഡിപി യോഗത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടല്ലോ.

നടേശന് മലബാറിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണത്. മലബാര്‍ മേഖലയില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വലിയ അംഗീകാരമുണ്ട്. ഗുരുദേവന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലശ്ശേരി ജഗന്നാഥക്ഷേത്രം പിടിച്ചടക്കാന്‍ വെള്ളാപ്പള്ളിയുടെ പുതിയ സുഹൃത്തുക്കളായ ആര്‍എസ്എസ് അവിടെ അക്രമം നടത്തി. ശ്രീനാരായണീയര്‍ ചെറുത്തുതോല്‍പ്പിച്ചു. ആര്‍എസ്എസിനെ അടുപ്പിച്ചില്ല. അവിടെ എസ്എന്‍ഡിപി യോഗത്തിന് തിരുവിതാംകൂറിലെ പോലെ സ്വാധീനമില്ലാത്തതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. അതിനര്‍ഥം ശ്രീനാരായണ ദര്‍ശനം മലബാര്‍ മേഖലയിലെ ജനങ്ങള്‍ക്ക് അറിയില്ല എന്നല്ല. നടേശനെപ്പോലെ ആര്‍ത്തിപൂണ്ട ആളുകള്‍ പെട്ടെന്ന് തിരിച്ചറിയപ്പെടും എന്നത് ആ പ്രദേശത്തിന്റെ ദോഷമല്ല.എവിടെ ചെന്നാലും ഈഴവന്‍, ലാഭം എന്നല്ലാതെ ഗുരുദേവനെക്കുറിച്ച് നടേശന്‍ പറയുന്നത് കേട്ടിട്ടില്ല. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് ഉദ്ബോധിപ്പിച്ച മഹാന്റെ ചിത്രത്തിനു താഴെനിന്ന് ജാതി മാത്രം ചിന്തിക്കാനും പറയാനും ചോദിക്കാനും തയ്യാറാകുന്നവരെ സഹിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. അത്തരം വിചിത്രമായ പിറകോട്ടുപോക്ക് സമൂഹം അംഗീകരിക്കുകയുമില്ല. അത് നടേശന് താമസിയാതെ ബോധ്യപ്പെടും. അങ്ങനെ ബോധ്യപ്പെടുത്താനുള്ള കരുത്ത് ശ്രീനാരായണ ദര്‍ശനത്തിനും ശ്രീനാരായണീയര്‍ക്കുമുണ്ട്