കാവിക്കുള്ളിലെ പെരുംനുണയന്മാര്‍
കാവിക്കുള്ളിലെ പെരുംനുണയന്മാര്‍
ഗൗരി
കേരളപ്പിറവിദിനം എന്നാണെന്നോ? 1950 നവംബര്‍ ഒന്നിനാണത്രെ! ടി വി ചാനലുകളിലെ ക്വിസ് പരിപാടിയില്‍ കാര്യവിവരമില്ലാത്ത ഏതെങ്കിലും സെലിബ്രിറ്റി പിള്ളേര്‍ പറഞ്ഞ തെറ്റായ ഉത്തരമല്ലിത്. 75 വര്‍ഷത്തെ പ്രസിദ്ധീകരണ പരമ്പര്യമുള്ള, കേരളത്തിലെ സംഘപരിവാരത്തിന്റെ താത്വിക മുഖ വാരികയില്‍ സംഘ പരിവാര്‍ ബുജികളില്‍ കെങ്കേമനെന്ന് പുകള്‍പെറ്റ ഹരി എസ് കര്‍ത്ത എഴുതിയ മുഖ ലേഖനത്തിലാണ് ഈ മഹത്തായ വിജ്ഞാനം വളമ്പിയിരിക്കുന്നത്. നല്ല മുന്തിയ ജനുസില്‍പെട്ട, കാതില്‍ പൂടയുള്ള ഇനം തന്നെയാണ് ലേഖകന്‍ എന്നതിനാല്‍ ഇനി അച്ചടി പിശകായിരിക്കുമോ എന്നും പരിശോധിച്ചുനോക്കി. 1956 എന്നത് 1950 എന്ന് തെറ്റായി അച്ചടിച്ചു പോയതാണോ? ഗൗരി ഒന്നുകൂടി നോക്കി. ഇല്ല. അച്ചടിപ്പിശാചല്ല. കാരണം അതിനു മുന്നിലത്തെ വരികൂടി വായിക്കാം. ''ചൈനയും അമേരിക്കയും ഏറ്റുമുട്ടിയ കൊറിയന്‍ യുദ്ധം തുടങ്ങിയത് കേരളപ്പിറവിദിനത്തിലാണ്.'' കൊറിയന്‍ യുദ്ധം നടന്നത് 1950ല്‍തന്നെയാണ്. അപ്പോള്‍ കേരളപ്പിറവിയെ കൊറിയന്‍ യുദ്ധം തുടങ്ങിയതുമായി ബന്ധിപ്പിക്കുക എന്ന ഏതോ ദുരൂഹമായ സംഘപരിവാര്‍ അജന്‍ഡ ഉണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
കൊറിയന്‍ 'യുദ്ധ'ത്തെ ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലായി അവതരിപ്പിക്കുന്ന സംഘി ബുജി ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ തുടങ്ങുന്നത് 1839 മുതല്‍ ആണെന്നും കറുപ്പുയുദ്ധങ്ങള്‍ അമേരിക്കയും ചൈനയും തമ്മിലാണെന്നും അങ്ങ് തറപ്പിച്ചുതന്നെ ഓരിയിടുന്നു. ചരിത്രം അറിയുന്നവര്‍ക്കറിയാം ഒന്നാം കറുപ്പുയുദ്ധം ചൈനയും ബ്രിട്ടനും തമ്മിലാണെന്നും അത് 1839-42 കാലത്താണെന്നും ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചതിലുള്ള പ്രതികാര നടപടി ആയിരുന്നു ബ്രിട്ടന്റെ യുദ്ധമെന്നും. എന്നാലും ഗൗരി ഒന്നുകൂടി പരിശോധിച്ചുനോക്കി. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ പറയുന്നു- ഠവല ളശൃേെ ീുശൗാ ംമൃ (193942) ംമ െ യലംേലലി രവശിമ മിറ ആൃശമേശി''. പിന്നെയും ഒന്നുകൂടി നോക്കി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ''വിശ്വചരിത്രാവലോകന''ത്തിലും എച്ച് ജി വെല്‍സിന്റെ ''ലോകചരിത്ര സംഗ്രഹ''ത്തിലും. പിന്നെന്തിന്, നമ്മുടെ സ്‌കൂള്‍ പാഠപുസ്തകത്തില്‍വരെ ഇങ്ങനെതന്നെ കാണുന്നു. രണ്ടാം കറുപ്പുയുദ്ധമാകട്ടെ, 1856-60 കാലത്ത് ചൈനയും ബ്രിട്ടീഷ്-ഫ്രഞ്ച് സഖ്യവും തമ്മിലുമായിരുന്നു. അമേരിക്ക ഒരു സാമ്രാജ്യത്വശക്തിയായി ഉയര്‍ന്നുവന്നതുതന്നെ 20-ാം നൂറ്റാണ്ടോടുകൂടിയാണെന്നതും യാഥാര്‍ഥ്യം. ഒന്നാം ലോകയുദ്ധത്തില്‍പോലും അമേരിക്കയ്ക്ക് പ്രധാനമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്തിനാണ് കേരളപ്പിറവിയേയും കൊറിയന്‍ 'യുദ്ധ'ത്തെയും കറുപ്പു യുദ്ധത്തെയും കൂട്ടിക്കെട്ടുന്നത്? അതാണ് സംഘിസ്‌റ്റൈല്‍. അതിനുള്ളില്‍ അമിട്ടുപൊട്ടുംപോലെ നൂറുനൂറു നുണകള്‍ പൊട്ടിച്ചിട്ടുണ്ടാവും. ഫാസിസ്റ്റുകള്‍ക്ക് എന്നും പ്രിയം ഇരുട്ടും നുണയുമാണല്ലോ.
കൊറിയന്‍ ആക്രമണമായാലും വിയത്‌നാം ആക്രമണമായാലും (കൊറിയന്‍ യുദ്ധം, വിയത്‌നാം യുദ്ധം എന്നെല്ലാമുള്ള പ്രയോഗംതന്നെ ശരിയല്ല, കാരണം കൊറിയയോ വിയത്‌നാമോ അമേരിക്കയെ ആക്രമിക്കുകയായിരുന്നില്ല, അമേരിക്ക ഏകപക്ഷീയമായി ഈ രാജ്യങ്ങളില്‍ സൈനിക ഇടപെടല്‍ നടത്തുകയായിരുന്നു.) ജപ്പാനിലെ അണുബോംബിടലായാലും ലോകത്തിനുമേല്‍ സമഗ്രാധിപത്യം സ്ഥാപിക്കുന്നതിനുള്ള അമേരിക്കന്‍ സാമ്രാജ്യത്വ പ്രോജക്ടുകളായിരുന്നുവെന്നത് സാമ്രാജ്യത്വ വൈതാളികരും സംഘികളായ കോമാളികളുമല്ലാതെ മറ്റെല്ലാപേരും അംഗീകരിക്കുന്ന വസ്തുതയാണ്.
ഇന്ത്യയെപ്പോലെതന്നെ ചൈനയും ഏഷ്യന്‍ രാജ്യമാണ്; ഇരു രാജ്യങ്ങളും പൊതു അതിര്‍ത്തി പങ്കിടുകയും ചെയ്യുന്നു. അതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ വിനിമയങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. അതിര്‍ത്തിയിലെ തര്‍ക്ക പ്രശ്‌നങ്ങളാകട്ടെ ബ്രിട്ടീഷ് കോളനി മേധാവികള്‍ അവശേഷിപ്പിച്ചവയും. അതിന് രമ്യമായ പരിഹാരം കാണേണ്ടത് ഇന്ത്യയുടെ, ഇന്ത്യന്‍ ജനതയുടെ ആവശ്യമാണ്. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടണമെന്നാണ് അമേരിക്കന്‍ താല്‍പര്യം. കാരണം അമേരിക്കയുടെ 2012ല്‍ പ്രഖ്യാപിച്ച ആക്രമണനയം (ഉലളലിരല ജീഹശര്യ) ഏഷ്യയില്‍ സൈനിക കേന്ദ്രീകരണം നടത്തണമെന്നാണ് പറയുന്നത്. അത് അമേരിക്കയെ വെല്ലുന്ന വന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയെ വളയാനും തളയ്ക്കാനുമാണ്. അതിന് ഇന്ത്യയെ കൂട്ടുപിടിക്കലാണ് അമേരിക്കന്‍ ലക്ഷ്യം. അതിന് താളം തുള്ളുകയാണ് സംഘികള്‍.
ഇന്ത്യന്‍ മഹാസമുദത്തില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് എന്താണ് നീതീകരണം? ഇവിടെ അമേരിക്കയ്ക്ക് എന്തവകാശം? അറബിക്കടലില്‍ ഇന്ത്യയുടെ ഓരത്തുതന്നെയുള്ള ദീഗോ ഗാര്‍ഷ്യാ ദ്വീപ് അമേരിക്ക കൈയടക്കി ആണവായുധങ്ങളടക്കമുള്ള സൈനിക സന്നാഹവും പടക്കപ്പലുകളും പോര്‍ വിമാനങ്ങളും ആക്രമണസജ്ജമായി നില്‍ക്കുന്നത്, ഇന്ത്യന്‍ മഹാസമുദ്രത്തിലടക്കം അമേരിക്കന്‍ പടക്കപ്പലുകള്‍ റോന്തുചുറ്റുന്നത് ചൈനയ്ക്കുമാത്രമല്ല ഇന്ത്യയ്ക്കും ഭീഷണിതന്നെയാണ്. ബംഗ്ലാദേശ് വിമോചനത്തിന്റെ കാലത്ത് ഇന്ത്യന്‍ നാവികസേനയ്ക്കുനേരെ ഇന്ത്യന്‍ തീരത്തേക്ക് ആക്രമണസജ്ജരായി പാഞ്ഞടുത്തത് സംഘികള്‍ ഇന്ത്യയുടെ ഉത്തമ സുഹൃത്തായി വാഴ്ത്തുന്ന സാക്ഷാല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയാണ്. അന്ന് സോവിയറ്റുയൂണിയന്റെ ഇടപെടലാണ് അമേരിക്കയെ ആ ആക്രമണനീക്കത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. അയല്‍ക്കാരനുമായോ കുടുംബാംഗങ്ങള്‍ തമ്മിലോ തര്‍ക്കമുണ്ടാകുമ്പോള്‍ അകലെനിന്ന് വാടകക്കൊലയാളിയെ കൊണ്ടുവന്ന് സ്വന്തം ഉറക്കറയില്‍ കയറ്റി കിടത്തുന്ന അധമ സംസ്‌കാരത്തിനുടമകള്‍ക്കു മാത്രമേ അമേരിക്കന്‍ സൈനികസാന്നിധ്യത്തെ ആഘോഷിക്കാനാകു.അടൂര്‍ ഗോപാലകൃഷ്ണന്റെ 'വിധേയന്‍' എന്ന സിനിമയില്‍ ഭാസ്‌കരപട്ടേലര്‍ മുറിക്കകത്ത് തൊമ്മിയുടെ ഭാര്യയെ കീഴ്‌പ്പെടുത്തുമ്പോള്‍ പുറത്ത് കാവലിരിക്കുന്ന തൊമ്മിയുടെ മാനസികാവസ്ഥയാണ് സംഘികള്‍ക്കെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ക്കാന്‍ രൂപംകൊണ്ട ഒറ്റു സംഘടനയില്‍നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല. സംഘികളുടെ ദേശീയത സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നിടംവരെയേ ഉള്ളു.
ആ ഒറ്റുകാരുടെ മനസ്ഥിതിയില്‍നിന്നാണ് കര്‍ത്താവദ്ദേഹം കാളമൂത്രംപോലെ പരസ്പരബന്ധമില്ലാതെ നുണക്കൂമ്പാരങ്ങള്‍ പടച്ചുവിടുന്നത്. കറുപ്പുയുദ്ധവും അമേരിക്കയുടെ കൊറിയന്‍ ആക്രമണവും കേരളപ്പിറവിയുമെല്ലാം കൂട്ടിക്കെട്ടി ലക്കുകെട്ടവനെപ്പോലെ ഒരു ബന്ധവുമില്ലാതെ പുലമ്പുന്നത്. ഏറെ രസകരം തുടക്കത്തിലെ ഗ്രീക്ക് പ്രതിസന്ധിയും ചൈനീസ് ഓഹരി വിപണിയിലെ ഇടിവും തമ്മിലുള്ള താരതമ്യവും ചൈന 1929ലെ അമേരിക്കന്‍ പ്രതിസന്ധിയെക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്ന നിരീക്ഷണവുമാണ്. വങ്കന്മാരും മന്ദബുദ്ധികളുമായ കൊസ്രാക്കൊള്ളികള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഈ താരതമ്യം നടത്താനാവില്ല. ഐഎംഎഫും കൂട്ടരും നമ്മുടെ ബ്ലേഡ് കമ്പനികളെപ്പോലെ ഒരു രാജ്യത്തെ കൊള്ളയടിക്കുന്നത് ഓഹരി വിപണിയിലെ പ്രതിസന്ധിയോടുപമിക്കാന്‍ ബ്ലേഡുകാരുടെ കാവല്‍ക്കാരും കിങ്കരന്മാരുമായ സംഘി സംസ്‌കാരക്കാര്‍ക്കേ കഴിയൂ. നിങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, ഈ നാടിനൊപ്പമല്ല, ആക്രമണകാരികള്‍ക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് കര്‍ത്താവെ ഈ വാലും തുമ്പുമില്ലാത്ത എഴുത്തില്‍.
ഫാസിസത്തിന്റെ കൂടപ്പിറപ്പാണ് നുണപറയല്‍, നുണ ആവര്‍ത്തിച്ചു പറയല്‍. ചരിത്രത്തെ തങ്ങള്‍ക്കു കോണകമുടുക്കാനുള്ള പീറത്തുണിയാക്കി മാറ്റുന്നതും ഫാസിസ്റ്റുകളുടെ രീതിതന്നെ. സത്യത്തിനും യുക്തിചിന്തയ്ക്കും പകരം പച്ചക്കള്ളം വൈകാരികമായി അവതരിപ്പിക്കലാണ് ഫാസിസ്റ്റുകള്‍ക്ക് പഥ്യം. കര്‍ത്താവും ഗീബല്‍സിന്റെ കുഞ്ഞനിയന്‍തന്നെയെന്ന് തെളിയിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട എഴുത്തോ വിവരമില്ലായ്മയോ ആയി ഗൗരി കാണുന്നില്ല. കൊലകൊല്ലി മോഡിയുടെ ശിഷ്യനാണല്ലോ ഇതിയാനും. സ്വാതന്ത്ര്യസമരസേനാനിയും ഗുജറാത്തി വ്യവസായിയുമായ ശ്യാംജി കൃഷ്ണവര്‍മയെയും പഴയ സംഘിയും ഹിന്ദുമഹാസഭയുടെയും ജനസംഘത്തിന്റെയുമെല്ലാം ആദിമ ദൈവവുമായ ശ്യാമപ്രസാദ് മുഖര്‍ജിയെയും തമ്മില്‍ മാറ്റിപ്പറഞ്ഞ, തക്ഷശിലയെയും നളന്ദയെയും കൂട്ടിക്കുഴച്ച മോഡിയുടെ പാതയില്‍തന്നെയാണ് ഈ കര്‍ത്താവും.
കൊലയാളികളുടെ കൊണവതിയാരം
സംഘികള്‍ക്ക് കിറുകൃത്യമായറിയാം തങ്ങളുടെ മുഖ്യശത്രു കമ്യൂണിസ്റ്റുകാരാണെന്ന്. അണികളില്‍ മുസ്ലീം-ക്രിസ്ത്യന്‍ വിരോധം മാത്രം അടിച്ചു കയറ്റിയാല്‍ പോര, അവരെ ഉശിര് പിടിപ്പിക്കാനും കൊലയാളികളാക്കി മാറ്റാനും കമ്യൂണിസ്റ്റുവിരോധംകൊണ്ട് അന്ധരാക്കുകേം വേണം. ചിന്ന മൊതലാളിമാര്‍ മുതല്‍ അങ്ങ് പെരിയ രാഷ്ട്രാന്തരീയ മൊതലാളന്മാരെവരെ കാത്തരുളുകയെന്ന കാവല്‍പണി അട്ടിപ്പേറാക്കി ഏറ്റെടുത്തിട്ടുള്ളവരാണല്ലോ ഈ കാതറകൂതറ സംഘം. 1920കളില്‍ അതിനെ നാഗപ്പൂരില്‍ പെറ്റിട്ടതുതന്നെ ബ്രിട്ടീഷുകാര്‍ക്കായി കൊരയ്ക്കാനും കടിക്കാനുംവേണ്ടിയായിരുന്നല്ലോ. കണ്ണൂരില്‍ ഈ കൊലകൊല്ലി സംഘം വന്നത് കര്‍ണാടകത്തീന്നൊള്ള ബീഡി മൊതലാളിമാരുടെ ഗുണ്ടകളായും കരിങ്കാലികളായുമാണല്ലേ. അണികള്‍ സംഘികളെ തിരിച്ചറിയുന്നതിന്റെ, അങ്ങനെ പുറത്തു ചാടുന്നതിന്റെ വേവലാതി സംഘി വാരികയുടെ എഴുത്തില്‍ കാണാം.
സിപിഐ എം നേതാക്കള്‍ക്ക് പനി വന്നാലും ഹൃദ്രോഗം വന്നാല്‍പോലും ആശുപത്രീല്‍പോകാനും ചികിത്സിക്കാനും പാടില്ലത്രെ! അങ്ങനെ പോയാല്‍ അത് മോഡി പൊലീസിനെ പേടിച്ചോടിയതാണെന്നത്രെ സംഘിപ്പിള്ളേരുടെ കുര. അടിയന്തിരാവസ്ഥക്കാലത്ത് സര്‍സംഘചാലകന്‍ ദേവരശന്‍ ജയില്‌കേറി നാലാംനാള്‍ പുറത്തിറങ്ങാനക്കൊണ്ട് ഇന്ദിരാഗാന്ധിക്ക് മാപ്പെഴുതി കടിതമയച്ചത് സംഘിപ്പിള്ളേര്‍ക്ക് ഓര്‍മേണ്ടാരിക്കുമോ ആവോ? അന്ന് അതിയാന്‍, തന്നെ പുറത്തുവിട്ടാല്‍ ഇന്ദിരാമ്മേടേം മോന്റേം ഇരുപതിനും പിന്നെ അഞ്ചിനും പിന്തുണ നല്‍കാനും പിന്നെ എന്തു പണിയെടുക്കാനും തയ്യാറെന്നു മാപ്പപേക്ഷയില്‍ പറഞ്ഞതും സംഘികള്‍ ഓര്‍ക്കണം. ആ താപ്പില്‍ കമ്യൂണിസ്റ്റുകാരെ പത്രാധിപസംഘി അളക്കണ്ട.
എതിരഭിപ്രായമുള്ളവരോട് കമ്യൂണിസ്റ്റുകാര്‍ക്ക് അസഹിഷ്ണുതയാണെന്നാണ് സംഘി പത്രാധിപര്‍ പറയുന്നത്. തങ്ങളുടെ വാക്കുകള്‍ അപ്പടി വെട്ടി വിഴുങ്ങാന്‍ തയ്യാറല്ലാത്തവര്‍ പാകിസ്താനില്‍ പോണമെന്ന് ബിജെപിയുടെ പുങ്കന്‍ നേതാവ് ഓരിയിട്ടത് സഹിഷ്ണുതയുടെ മഹനീയ മാതൃകയാണെന്നായിരിക്കും ഈ പത്രാധിപ ഡോക്ടറുടെ വാദം.
തങ്ങളുടെ പട്ടികേല്‍പ്പെട്ട പത്ത് കമ്യൂണിസ്റ്റുകാരെ മോഡി പൊലീസ് പിടിച്ചകത്തിട്ടാല്‍ പിന്നെ നാട്ടില്‍ കുശാലാണത്രെ. സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ ''പേപ്പര്‍ ലോഡ്ജ്'' എന്ന ഒരു നോവലുണ്ട്. അതില് നായ്ക്കളേം മയിലിനേം കഴുത്തറുത്ത് തള്ളി കയ്യറപ്പുമാറ്റുന്ന രണ്ടുസെറ്റ് കൊലയാളി സംഘങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ, ഇന്ന് സംഘികള്‍ കയ്യുറപ്പുമാറ്റുന്നതും ചോരക്കൊതി തീര്‍ക്കുന്നതും കൊച്ചുകുഞ്ഞിനെപോലും തെരുവില്‍ പാത്തിരുന്ന് കഴുത്തറുത്തുകൊണ്ടാണ്. കൂത്തുപറമ്പിലെ അസ്‌ന മുതല്‍ കാഞ്ഞങ്ങാട്ടെ ഫഹദ്‌വരെ സംഘികളുടെ ചോരക്കൊതിയുടെ അടയാളങ്ങളായുണ്ട്.
പി ജയരാജന്‍ എന്ന കമ്യൂണിസ്റ്റുകാരനെ സംഘികള്‍ ഭയക്കുന്നതെന്തിനെന്ന് കണ്ണൂരെ കൊച്ചുങ്ങക്കുവരെ അറിയാം. തന്റെ ജാഗ്രതയും ഹൃദ്യമായ ഇടപെടലുംകൊണ്ട് യുക്തിഭദ്രവും സത്യസന്ധവുമായ വാദഗതികളുംകൊണ്ട് സംഘികളുടെ അടിത്തറ ഇളക്കുകയും അണികളില്‍ ചോര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്ന പി ജയരാജനെ 1990കളില്‍ ഒരു തിരുവോണനാളില്‍ ഭാര്യയും മകനുമൊപ്പം ഉണ്ണാനിരുന്നപ്പോള്‍, ബോംബും കൊടുവാളും മഴുവുമായെത്തിയ കാപാലികരായ സംഘികള്‍ വെട്ടിനുറുക്കി കൊലപ്പെടുത്താന്‍ നോക്കിയിട്ടും പറ്റിയില്ല. വിളമ്പിവച്ചിരുന്ന ഓണസദ്യയിലേക്കും തൊട്ടടുത്തിരുന്ന അദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും ദേഹത്തേക്കുമാണ് അന്ന് ചോരചീറ്റിത്തെറിച്ചത്. അന്ന് കൊല്ലാന്‍ ശ്രമിച്ചവര്‍ ഇന്ന് അദ്ദേഹത്തെ ജയിലഴിക്കുള്ളിലാക്കാന്‍ നോക്കുന്നു. അത് കതിരൂരെ സംഘി കൊലയാളി സംഘം നേതാവായിരുന്ന മനോജിന്റെ പേരിലായാലും ഷുക്കൂറിന്റെയോ ഫസലിന്റെയോ പേരിലായാലും കൊയപ്പമില്ലെന്നാണ് സംഘികളുടെ ഇംഗിതം.
തലശ്ശേരിയിലെ ഫസലിനെ കൊന്നതാരാണെന്ന് സംഘില്‍നിന്ന് പുറത്തു കടന്ന ഒരു പ്രവര്‍ത്തകന്‍തന്നെ നാട്ടാരോട് വിളിച്ചു പറഞ്ഞിട്ട് ഏറെയായില്ല. നാഗ്പൂര്‍ മുതല്‍ ഇങ്ങ് കേരളത്തിലെവരെ സംഘി ആപ്പീസുകളില്‍ പതിയിരിക്കുന്ന കൊലയാളികളിലേക്ക് നോട്ടമെത്താന്‍ മോഡി പൊലീസിന് ആവാത്തതുകൊണ്ട് ഫസല്‍ വധത്തിലെ കൊലയാളികളെ ഇനിയും പിടിച്ചിട്ടില്ല. യഥാര്‍ഥ കൊലയാളികള്‍ പിടിയിലായാല്‍ ഗൂഢാലോചന കാരായിമാരുടെമേലല്ല സംഘികളിലായിരിക്കും ചെന്നെത്തുക. കൊലയാളികള്‍ ആരെന്നു കണ്ടെത്താതെ ഗൂഢാലോചനക്കുറ്റം ആരിലെങ്കിലും ചുമത്തുന്നതുതന്നെ വിരോധാഭാസമല്ലേ? ഫസല്‍ വധിക്കപ്പെട്ടശേഷം വളരെക്കാലം സംഘികളും എന്‍ഡിഎഫും പരസ്പരം പഴിചാരുകയായിരുന്നുവെന്നതും സത്യം. പിന്നീട് ഇരു കൊലയാളി സംഘങ്ങളും കൈകൊടുത്ത് മച്ചാന്‍മാരായപ്പോള്‍ പഴി സിപിഐ എമ്മിനുനേരെ ചാരുകയായിരുന്നുവെന്നതാണ് സത്യം.
തങ്ങള്‍ പറയുന്ന ചിലരെ പിടിച്ചകത്തിട്ടാല്‍ നാട്ടില്‍ സമാധാനം പുലരും എന്നാണ് കേസരി ഭാഷ്യം. കേരളത്തിന്റെ വടക്കേയറ്റത്ത് കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലെ ഭാസ്‌കര എന്ന യുവാവിനെ മംഗലാപുരത്ത് പരീക്ഷയെഴുതാന്‍ പോകവെ ബസില്‍വെച്ച് വെട്ടിനുറുക്കി കൊന്നത് എന്തു സംഘര്‍ഷാവസ്ഥയുടെ പേരിലായിരുന്നു? അതിലെ ഗൂഢാലോചനക്കാര്‍ ജില്ലാ സംഘികളോ സംസ്ഥാന സംഘികളോ അതോ നാഗപ്പൂര് തന്നെയോ? കണ്ണൂരെ കെ വി സുധീഷും തിരുവനന്തപുരത്തെ അജയ്‌യും ഉള്‍പ്പെടെ സിപിഐ എംകാരായ ഒട്ടനവധി ചെറുപ്പക്കാരെ വെട്ടിനുറുക്കിയും ബോംബെറിഞ്ഞും കൊലപ്പെടുത്തിയത് അവരെ ആശയപരമായി നേരിടാനുള്ള കോപ്പ് സംഘികള്‍ക്കില്ലാത്തതുകൊണ്ടല്ലേ? കമ്യൂണിസ്റ്റുകാര്‍ യുക്തിഭദ്രവും സത്യസന്ധവുമായ ആശയാടിത്തറയിലാണ് പ്രവര്‍ത്തിക്കുന്നത്. നേരിന്റെ ഭാഷയില്‍ പറയുന്ന കമ്യൂണിസ്റ്റുകാരെ നേരിടാന്‍ കാവി പുതച്ച നുണയന്മാര്‍ക്ക് ആയുധം ഇല്ലാതെ പറ്റില്ല. അതാണ് കണ്ണൂരിലായാലും മറ്റെവിടെയായാലും രാഷ്ട്രീയ അക്രമങ്ങളുടെ അടിത്തറ. അപ്പോള്‍ അക്രമം അവസാനിപ്പിക്കാന്‍ ആരെയാണു പിടിച്ചകത്തിടേണ്ടത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ